ചേർത്തല: ഉത്സവ പറമ്പിലെ തർക്കത്തെ തുടർന്ന് ചാരമംഗലത്ത് യുവാക്കളെ വഴിയിൽ തടഞ്ഞ് നിർത്തി വെട്ടി,എയർഗൺ ഉപയോഗിച്ച് നിറയൊഴിച്ചു. നാല് പേർക്ക് പരിക്ക്.മുഹമ്മ പുത്തനമ്പലം റോഡിൽ പോളക്കാടൻ കവലയിൽ ശനിയാഴ്ച അർദ്ധരാത്രിയിലാണ് സംഭവം.കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ കന്ന്യേൽക്കോണിൽ നിഖിൽ രാജ് (26),കന്ന്യേൽക്കോണിൽ അശ്വന്ത് (23),ചങ്ങരത്തിൽ കൃഷ്ണദേവ് (20),അകത്തൂട്ട് പറമ്പിൽ ആദിത്യൻ ഉണ്ണി(19) എന്നിവർക്കാണ് പരിക്കേറ്റത്.മുഹമ്മ കാട്ടുകട ഘണ്ഠാകർണ്ണക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് യുവാക്കൾ തമ്മിൽ തർക്കമുണ്ടായത്.വൈകിട്ട് ക്ഷേത്ര വളപ്പിൽ യുവാക്കൾ തമ്മിൽ തർക്കം ഉണ്ടായി കണ്ണിൽ മുളക് പൊടിയേറ് വരെ നടന്നു.ഈ സംഘർഷത്തിന്റെ തുടർച്ചയായി ഒരു സംഘം യുവാക്കൾ പത്തോളം വരുന്ന ഇരുചക്രവാഹനങ്ങളിൽ എത്തി പോളക്കാടൻ പ്രദേശത്തുളള യുവാക്കളെ ആക്രമിക്കുകയായിരുന്നു. എയർഗൺ ഉപയോഗിച്ച് രണ്ട് നിറയൊഴിച്ചപ്പോൾ ആദിത്യൻ ഉണ്ണിയുടെ കാലുകൾക്ക് പരിക്കേറ്റു.നിഖിൽ രാജ്,കൃഷ്ണദേവ് എന്നിവരുടെ തലയ്ക്കാണ് വെട്ടേറ്റത്.അശ്വന്തിന്റെ മൂക്കിനും വെട്ടേറ്റു.ക്ഷേത്രത്തിൽ നിന്ന് മടങ്ങിവരും വഴി പോളക്കാടൻ കവലയിൽ സംഘർഷം നടക്കുന്നത് കണ്ട് നോക്കി നിന്നപ്പോഴാണ് ആദിത്യൻ ഉണ്ണിയുടെ കാലുകൾക്ക് വെടിയേറ്റത്.പരിക്കേറ്റ 3 പേരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തലയ്ക്ക് സാരമായി പരിക്കേറ്റ നിഖിൽ രാജിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മാരാരിക്കുളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രതികൾ എല്ലാവരും പുത്തനമ്പലം ഭാഗത്തുള്ളവരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.ഒളിവിലായ പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.