
ചാരുംമൂട് : അച്ചൻകോവിൽ നദിയിൽ ചാമക്കാവ് ഭാഗത്ത് നഞ്ച് കലക്കിയതിനെ തുടർന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങി. നൂറനാട്, വെൺമണി പഞ്ചായത്തുകളിൽ കൂടി കടന്ന് പോകുന്ന അച്ചൻകോവിലാറ്റിന്റെ ചാമക്കാവ്, ഐരാണികുടി ഭാഗത്താണ് സാമൂഹ്യ വിരുദ്ധർ ശനിയാഴ്ച രാത്രി മീൻ പിടിക്കാനാണ് നഞ്ച് കലക്കിയത്. വെട്ടിയാർ പാലം വരെയുള്ള നാല് കിലോമീറ്റർ ദൂരത്തിലാണ് മത്സ്യങ്ങൾ ചത്ത് പൊങ്ങിയത്. നഞ്ച് കലക്കൽ വലിയ പാരസ്ഥിതിക പ്രശ്നം സൃഷ്ടിക്കുന്നു. വിഷം കലർന്ന വെള്ള മായതിനാൽ ജനങ്ങൾക്ക് കുളിക്കാൻ പോലും നദിയിൽ ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.പാലമേൽ,നൂറനാട്, ചുനക്കര , താമരക്കുളം പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്ന പാറ്റൂർ കുടിവെള്ള പദ്ധതിയുടെ പ്രദേശത്താണ് വിഷം കലക്കിയത്. ആറ്റിലെ മത്സ്യ സമ്പത്തിനെ നശിപ്പിക്കുകയും, ആയിര കണക്കിന് ജനങ്ങളുടെ ആശ്രയമായ കുടിവെള്ളം വിഷമയമാക്കിയതിലും ജനരോഷമാണ് ഉയരുന്നത്. കുറ്റക്കാർക്കെതിരെ കർശന നിയമനടപടി ആവശ്യപ്പെട്ടുകൊണ്ട് നൂറനാട് ഗ്രാമ പഞ്ചായത്തംഗവും ബി.ജെ.പി മാവേലിക്കര മണ്ഡലം പ്രസിഡന്റുമായ അഡ്വ.കെ.കെ.അനൂപ് ഡി.വൈ.എസ്.പിയക്കുo നൂറനാട് എസ്.എച്ച്.ഒയ്ക്കും പരാതി നൽകി.