ആലപ്പുഴ: ജില്ലാ ഫയർഫോഴ്സ് ഓഫീസ് കെട്ടിടം അപകടനിലയിൽ കഴിയുമ്പോൾ കെട്ടിടം നിർമിക്കാൻ സർപ്പിച്ച പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങിക്കഴിയുന്നു. ഗ്യാരേജ് മുറികളും ഫയർസ്റ്റേഷൻ, ജില്ലാ ഫയർ ഓഫീസ് എന്നിവയും നിർമ്മിക്കാനാണ് പത്ത്കോടിയുടെ പദ്ധതി നൽകിയത്. 2018ൽ 10.57 കോടിയുടെ 1400 ചതുരശ്ര മീറ്റർ വലിപ്പത്തിൽ ഇരുനില കെട്ടിട സമുച്ചയം പണിയാൻ പദ്ധതി സമർപ്പിച്ചു.
തുക കൂടുതലായതിനാൽ പദ്ധതി നിരസിച്ചു. പൊതുമരാമത്ത് വകുപ്പ് വീണ്ടും പത്ത് കോടി രൂപയുടെ പദ്ധതി കഴിഞ്ഞ ആഗസ്റ്റ് 12ന് സർക്കാരിൽ സമർപ്പിച്ചു. എന്നാൽ തുക കൂടുതലാണെന്ന കാരണത്താൽ ധനവകുപ്പ് പദ്ധതിക്ക് അംഗീകാരം നൽകിയിട്ടില്ല. ഭൂമിയുടെ അടിയുറപ്പ് കുറവായതിനാൽ പൈൽ ഫൗണ്ടേഷനോടുകൂടിയ നിർമ്മാണത്തിനാണ് പദ്ധതി സമർപ്പിച്ചത്.
നിലവിലെ കെട്ടിടത്തിന് അരനൂറ്റാണ്ടിലധികം പഴക്കം ഉണ്ട്. ജില്ലാ ആഫീസും ഫയർസ്റ്റേഷനും ഒരുവളപ്പിലാണ് പ്രവർത്തിക്കുന്നത്. മഴപെയ്താൽ ചോർന്ന് ഒലിച്ച് പലഫയലുകളും ഈർപ്പത്തിൽ നശിക്കുക പതിവാണ്. മന്ത്രിയായിരിക്കെ ജി. സുധാകരൻ മുൻകൈയ്യേടുത്ത് നിലവിലുള്ള കെട്ടിടത്തിന്റെ മുകൾ ഭാഗം ഡ്രസിംഗ് നടത്തിയത് മാത്രമാണ് ആശ്വാസം പകർന്നത്.
പദ്ധതികൾക്ക് പഴക്കം വർഷങ്ങൾ
ജില്ലയിലെ ഫയർഫോഴ്സ് ആസ്ഥാനത്തിന് പുതിയ കെട്ടിടം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വെള്ളപ്പൊക്കത്തിന്റെ സൂചന ഉണ്ടാവുമ്പോൾത്തന്നെ ഓഫീസ് വെള്ളത്തിലാവും. ജില്ലാ ഓഫീസിന്റെ പുതിയ കെട്ടിടത്തിനായി 2001 മുതൽ പത്തോളം പദ്ധതികൾ ഇടത്-വലത് സർക്കാരുകൾക്ക് സമർപ്പിച്ചിരുന്നു. 25 ലക്ഷത്തിന്റെ പദ്ധതിയാണ് 2001ൽ സമർപ്പിച്ചത്. 2006ൽ വി.എസ് സർക്കാരിന്റെ കാലത്ത് ഗ്യാരേജ് ഉൾപ്പെടെ സി ആകൃതിയിൽ ഒറ്റനില കെട്ടിടത്തിന് സമർപ്പിച്ച പദ്ധതിക്കും ജീവനക്കാരുടെ ക്വാർട്ടേഴ്‌സിനുമായി 2.5 കോടി അനുവദിച്ചു. കെട്ടിടം നിർമ്മിക്കാൻ ആലോചിച്ച സ്ഥലത്തെ മണ്ണിന് ഉറപ്പില്ലെന്ന് വ്യക്തമായി. പന്നീട് ഈ തുക ജില്ലാ ജയിൽ നിർമ്മിക്കാനായി വകമാറ്റി. 2018ൽ ഇരുനില കെട്ടിട സമുച്ചയം പണിയാൻ സമർപ്പിച്ച പദ്ധതിക്ക് അംഗീകാരം വന്നപ്പോഴേക്കും പദ്ധതി പ്രദേശം നഗര വികസനത്തിന്റെ ഭാഗമായ മൊബിലിറ്റി ഹബ്ബ് പദ്ധതിയിലായി.
സ്ഥലം വിട്ടു നൽകുന്നതിനെ, അന്നത്തെ ഫയർഫോഴ്‌സ് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരി എതിർത്തു. ഇതോടെ എസ്റ്റിമേറ്റ് പുതുക്കി പൊതുമരാമത്ത് വകുപ്പ് പരിശോധിച്ച ശേഷം 2019 അവസാനം വീണ്ടും സർക്കാരിൽ സമർപ്പിച്ചു. 9 ഗ്യാരേജ് മുറികളും ഫയർസ്റ്റേഷൻ, ജില്ലാ ഫയർ ഓഫീസ് എന്നിവയും നിർമ്മിക്കാനാണ് പദ്ധതി നൽകിയത്. തുടർന്നു വന്ന രണ്ട് ബഡ്ജറ്റുകളിലും പണം ഉൾപ്പെടുത്തിയില്ല.
.........................
പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കാൻ ആവശ്യമായ പദ്ധതി ആഭ്യന്തര വകുപ്പു വഴി സർക്കാരിൽ സമർപ്പിച്ചു. 2018ൽ സമർപ്പിച്ച പദ്ധതി വീണ്ടും പൊതുമരാമത്ത് വകുപ്പ് പരിഷ്‌കരിച്ച് പത്തുകോടിരൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത് 2021 ആഗസ്റ്റ് 12ന് സർക്കാരിന്റെ അംഗീകാരത്തിനായി നൽകയിരിക്കുകയാണ്.
അഭിലാഷ്, ജില്ലാ ഫയർ ഓഫീസർ