kili

സംസ്ഥാനത്തെ അങ്കണവാടി​കൾ തുറന്നു

ആലപ്പുഴ: കളി, ചിരി, പാട്ട്, കൈനിറയെ മിഠായി, കളിപ്പാട്ടങ്ങൾ, ചുറ്റിനും കൂട്ടുകാർ. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം അങ്കണവാടി​കളി​ൽ എത്തി​യതി​ന്റെ ആഹ്ളാദത്തി​ലാണ് . ഇതുവരെ വിക്ടേഴ്സ് ചാനലിൽ പ്രക്ഷേപണം ചെയ്തിരുന്ന 'കിളിക്കൊഞ്ചൽ' പരിപാടിയായിരുന്നു ഇവരുടെ ഏക ആശ്വാസം.

പല കുട്ടികളും ആദ്യ ദിനത്തിൽ കരഞ്ഞെത്തുന്ന പതിവ് ഇത്തവണയുണ്ടായില്ലെന്നും എങ്ങനെയും കൂട്ടുകാർക്കൊപ്പമെത്തുക എന്ന ആവേശത്തിലായിരുന്നു കുട്ടികളെല്ലാവരുമെന്ന് രക്ഷിതാക്കളും അങ്കണവാടി വർക്കർമാരും.

പ്രവർത്തനം പുനരാരംഭിക്കാനുള്ള അറിയിപ്പ് പൊടുന്നനെ വന്നതിനാൽ പല സ്ഥാപനങ്ങളിലും ഗംഭീര പ്രവേശനോത്സവം സംഘടിപ്പിക്കാൻ സാധിക്കാത്തതിന്റെ പരിഭവം വർക്കർമാർ പങ്കുവച്ചു. വെള്ളിയാഴ്ച്ച വൈകിട്ടാണ് അങ്കണവാടികൾ പുനരാരംഭിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നത്. തുടർന്ന് വന്ന രണ്ട് അവധി ദിനങ്ങളിൽ തങ്ങളാലാവുന്ന അലങ്കാരപ്പണികളാണ് ജീവനക്കാർ ഒരുക്കിയത്.

മൂന്ന് മുതൽ അഞ്ച് വയസ് വരെ പ്രായമുള്ള കുട്ടികളാണ് അങ്കണവാടികളിലുള്ളത്.


നി​യന്ത്രണങ്ങൾ

#ഒരു ബെഞ്ചിൽ രണ്ട് പേർ

#മാസ്ക്ക് നിർബന്ധം

#അധിക മാസ്ക് കരുതണം

#അര മണിക്കൂർ ഇടവേളയിൽ സോപ്പും സാനിട്ടൈസറും ഉപയോഗിക്കണം

#കളിപ്പാട്ടങ്ങൾ പങ്കുവയ്ക്കും മുമ്പ് അണുനശീകരണം നടത്തണം

#പനിയും മറ്റ് ലക്ഷണങ്ങളുമുള്ളവർ വരരുത്

#കുട്ടികളെ എത്തിക്കേണ്ടത് വാക്സിനെടുത്ത രക്ഷിതാക്കൾ

#ഉച്ചഭക്ഷണമില്ല

പ്രവൃത്തി സമയം : രാവിലെ 9.30 - ഉച്ചയ്ക്ക് 12:30

ജില്ലയിൽ 2150 അങ്കണവാടികൾ

ഗ്യാസ് പോയ അടുക്കള

അങ്കണവാടികളിലെ അടുക്കളകളിൽ അടുപ്പ് കത്തിയിട്ട് വർഷം രണ്ട് പിന്നിട്ടു. കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള പോഷകാഹാര വിതരണവും, കൗമാര ശാക്തീകരണവും, ആരോഗ്യ സർവ്വേകളുമടക്കമുള്ള ചുമതലകളാണ് ഇക്കാലയളവിൽ അങ്കണവാടികൾ നിർവഹിച്ചുപോന്നത്. പ്രവർത്തനം ആരംഭിക്കണമെന്ന അറിയിപ്പ് വൈകി മാത്രം ലഭിച്ചതിനാൽ പാചകത്തിനുള്ള ഗ്യാസ് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാനായിട്ടില്ല. ക്ലാസ് സമയം ഉച്ചവരെ ആയതിനാൽ ഉച്ചഭക്ഷണം തയാറാക്കേണ്ടതില്ല. എന്നിരുന്നാലും, കുടിവെള്ളം ഉൾപ്പടെ തിളപ്പിക്കാൻ ഗ്യാസ് സിലിണ്ടറുകൾ വേണം. വരും ദിവസങ്ങളിൽ സ്റ്റോക്കെല്ലാം കൃത്യമായി എത്തുമെന്നാ പ്രതീക്ഷയി​ലാണ് ജീവനക്കാർ.

രണ്ട് ദിവസം നിരീക്ഷണം

ആദ്യ രണ്ട് പ്രവൃത്തി ദിനങ്ങൾ വിലയിരുത്തിയാവും തുടർദിവസത്തെ പദ്ധതികൾ ഐ.സി.‌ഡി.എസ് തയാറാക്കുക. ഇന്നലെയും ഇന്നുമായി അങ്കണവാടികളിലെത്തിയ കുട്ടികളുടെ എണ്ണം കണക്കാക്കി എത്ര പേർക്കുള്ള പ്രഭാത ലഘുഭക്ഷണം ലഭ്യമാക്കണം എന്നതടക്കം തീരുമാനിക്കേണ്ടതുണ്ട്.

.......................................................

എല്ലാ കുട്ടികളും രക്ഷിതാക്കളും അതിയായ താൽപര്യത്തോടെയാണ് എത്തുന്നത്. വീടിന് പുറത്തേക്ക് വരാൻ കഴിഞ്ഞതിന്റെയും കൂട്ടുകാരെ കാണാൻ കഴിഞ്ഞതിന്റെയും സന്തോഷം കുട്ടികൾക്കുണ്ട്

കുമാരി, അങ്കണവാടി വർക്കർ

.......................................................

കൊവിഡ് കാലത്ത് എത്ര രക്ഷിതാക്കൾ കുട്ടികളെ അങ്കണവാടികളിൽ അയക്കുന്നുണ്ടെന്ന കണക്കെടുപ്പ് ആദ്യ ദിവസങ്ങളിൽ നടത്തും. ഇതിന് അനുസരിച്ചാവും വരും ദിവസങ്ങളിൽ അതത് അങ്കണവാടികളിൽ ക്രമീകരണങ്ങൾ ഒരുക്കുക.

മായാലക്ഷ്മി, പ്രോഗ്രാം ഓഫീസർ, ഐ.സി.ഡി.എസ്

.......................................................