
പൊലീസ് സേനകളിൽ കാലോചിതമായ പരിഷ്‌കാരങ്ങൾ അനിവാര്യമാണ്. എന്നാൽ, പരിഷ്‌കാരങ്ങൾ സേനയുടെ ആത്മവീര്യം തകർക്കുന്ന വിധത്തിലാകരുത്. അത്തരം പരീക്ഷണങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. പൊലീസിന്റെ ആധുനികവത്‌കരണത്തിനായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കോടിക്കണക്കിന് രൂപയാണ് എല്ലാവർഷവും നീക്കിവയ്‌ക്കുന്നത്. സംസ്ഥാനത്ത് ഏറെ ചർച്ചയ്ക്ക് ശേഷമാണ് പൊലീസ് സ്‌റ്റേഷനുകളുടെ ചുമതല സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് കൈമാറിയത്. എന്നാൽ, മിക്ക പൊലീസ് സ്‌റ്റേഷനുകളുടെയും പ്രവർത്തനം താളംതെറ്റുകയും അന്വേഷണം കാര്യക്ഷമമല്ലാതാവുകയും ചെയ്‌തതോടെ വീണ്ടും എസ്.ഐമാർക്ക് ചുമതല കൈമാറാനുള്ള ആലോചനയിലാണ് സർക്കാർ. ഗുണ്ടകളെ അമർച്ച ചെയ്യുന്നതിലെ വീഴ്ചയാണ് പ്രധാന പരാജയം.
പൊലീസ് സ്‌റ്റേഷനുകളുടെ ചുമതല സി.ഐമാർക്ക് നൽകിയത് ഗുണകരമായോ എന്ന് പഠിക്കാൻ ഉത്തര, ദക്ഷിണ മേഖല ഐ.ജിമാർക്ക് ഡി.ജി.പി അനിൽകാന്ത് നിർദ്ദേശം നൽകിയിരുന്നു. നിലവിൽ സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്‌റ്റേഷനുകളിലും സ്‌റ്റേഷൻ ഹൗസ് ഓഫീസർ തസ്‌തിക സി.ഐ റാങ്കിലുമാക്കി. ക്രമസമാധാനപാലനവും കുറ്റാന്വേഷണവും വേർതിരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. 2018 ൽ തുടങ്ങിയ പരിഷ്കാരം 2020 ൽ പൂർത്തിയായി. കേസുകളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്‌റ്റേഷനുകളെ എ,ബി,സി കാറ്റഗറിയായി തിരിച്ചിരുന്നു.
കേസുകളും പരാതികളും കുറവുള്ള 108 പൊലീസ് സ്റ്റേഷനുകളുടെ ചുമതലയിൽ നിന്ന് സർക്കിൾ ഇൻസ്പെക്‌ടർമാരെ തിരിച്ചുവിളിച്ച് എസ്.ഐമാർക്ക് ചുമതല നൽകാനാണ് പുതിയ നീക്കം. ഇക്കാര്യത്തിൽ ആഭ്യന്തരവകുപ്പിന്റെ തീരുമാനം വന്നാലുടൻ മാറ്റം നടപ്പാകും. ജോലിഭാരം കുറഞ്ഞ സ്‌റ്റേഷനുകളിൽ എസ്.ഐമാർ മതിയെന്നാണ് ഐ.ജിമാരുടെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ട്. സ്‌റ്റേഷൻ ചുമതലയൊഴിയുന്ന സി.ഐമാരെ ജില്ലാതലത്തിൽ ക്രൈംബ്രാഞ്ചിലും സ്‌പെഷൽബ്രാഞ്ചിലും വിജിലൻസിലും നിയമിക്കും. സ്‌റ്റേഷൻ ചുമതല സി.ഐമാർക്ക് ലഭിച്ചതോടെ നേരിട്ട് എസ്.ഐയായി നിയമിതരാകുന്ന ചെറുപ്പക്കാർ നിഷ്ക്രിയരാകുന്നു എന്നാണ് വിലയിരുത്തൽ. ആദ്യത്തെ പത്തുവർഷം കേസ് അന്വേഷണത്തിലും ക്രമസമാധാനം കൈകാര്യം ചെയ്യുന്നതിലും പരിശീലനം കിട്ടാത്ത അവസ്ഥയും ഉണ്ടാകുന്നു. സ്‌റ്റേഷൻ ചുമതലയിലെത്തിയ സി.ഐമാർക്കും പരാതികളേറെയായിരുന്നു. എസ്.ഐയായി സ്റ്റേഷൻ ചുമതല നോക്കിയവർ സി.ഐയായപ്പോഴും അതേ ജോലി തുടരുകയാണ്. പരിഷ്‌കാരം സ്‌റ്റേഷന്റെ അച്ചടക്കത്തെ ബാധിച്ചതായും സേനയിൽ അടക്കംപറച്ചിലുണ്ട്. നേരിട്ട് നിയമനം കിട്ടുന്ന എസ്.ഐമാർ കേസന്വേഷണത്തിൽ കാണിക്കുന്ന ആവേശം പരിചസമ്പന്നരായ സി.ഐമാർ പുറത്തെടുക്കാറില്ല. ഈ അവസ്ഥ സ്റ്റേഷന്റെ പ്രവർത്തനങ്ങളെയും ജനങ്ങൾക്കുള്ള വിശ്വാസത്തെയും ബാധിച്ചു. എസ്.ഐമാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജില്ലാ പൊലീസ് മേധാവിമാർക്ക് തീരുമാനങ്ങളെടുക്കാം. എന്നാൽ, സി.ഐമാർ ഐ.ജിമാരുടെ നിയന്ത്രണത്തിലാണ്. ഈ അവസ്ഥ ജില്ലാ പൊലീസ് മേധാവിമാർക്ക് സ്‌റ്റേഷനുകളിൽ വേഗത്തിൽ ഇടപെടുന്നതിലും തടസമുണ്ടാക്കി.
സി.ഐമാർക്ക് പൊലീസ് സ്‌റ്റേഷനുകളുടെ ചുമതല നൽകിയുള്ള പരിഷ്‌കരണം ഗുണ്ടകൾ അരങ്ങുവാഴാൻ ഇടയാക്കിയെന്ന കാര്യത്തിൽ തർക്കമില്ല. അടുത്ത പ്രൊമോഷനായി കാത്തിരിക്കുന്ന സി.ഐമാരിൽ പലരും പൊല്ലാപ്പ് പിടിക്കുന്ന ജോലികൾ ഏറ്റെടുക്കാനും തയ്യാറാകുന്നില്ല. എന്നാൽ, നേരിട്ട് എസ്.ഐമാരായി എത്തുന്നവർക്ക് യുവത്വത്തിന്റെ പ്രസരിപ്പുണ്ട്. അവർ തങ്ങളുടെ സ്‌റ്റേഷൻ പരിധിയിലെ ക്രമസമാധാനം ഉറപ്പാക്കാൻ രാവും പകലുമില്ലാതെ അദ്ധ്വാനിക്കാൻ തയ്യാറാണ്. സ്‌റ്റേഷൻ ചുമതലയിൽ നിന്ന് അവരെ ഒഴിവാക്കിയതോടെ എസ്.ഐമാർക്ക് പ്രത്യേക പണിയൊന്നുമില്ലാതായി എന്നതാണ് സത്യം. പുതിയ പരിഷ്‌കരണത്തോടെ സി.ഐമാരും എസ്.ഐമാരും നിർജീവമായി. ഈ പരിഷ്‌കരണം പുനഃപരിശോധിക്കാനുള്ള തീരുമാനം നല്ലതാണ്. ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള
കാര്യക്ഷമമായ പ്രവർത്തനമാണ് പൊലീസ് സേനയിൽ നിന്നുണ്ടാകേണ്ടത്. ഒപ്പം വിശ്വാസ്യതയും കാര്യക്ഷമതയുള്ള അന്വേഷണ സംഘങ്ങളും ഉയർന്നുവരണം. പരിഷ്‌കാരങ്ങൾ നടപ്പാക്കുമ്പോൾ സേനയുടെ കാര്യക്ഷമത ചോരാതെ നോക്കണം. അത്തരം നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. അടുത്തകാലത്ത് പൊലീസ് കേട്ട പേരുദോഷങ്ങൾ എത്രയും വേഗം മാറ്റിയെഴുതണം. സംസ്ഥാനത്ത് 478 പൊലീസ് സ്‌റ്റേഷനുകളാണുള്ളത്. സി കാറ്റഗറിയിൽ 108 പൊലീസ് സ്‌റ്റേഷനുകളും വരും.
സൈബർ കുറ്റകൃത്യങ്ങൾ തടയാനും തെളിയിക്കാനും പഴയ അന്വേഷണരീതിയിൽ മാറ്റം വരണം. സംസ്ഥാനങ്ങളിലെ പൊലീസിന് ഡിജിറ്റൽ ക്രൈം ആൻഡ് ട്രെയിനിംഗ് സെന്ററിൽ നിന്ന് ഉൾപ്പെടെയുള്ള വിദഗ്ദ്ധരുടെ നേതൃത്വത്തിൽ പരിശീലനം നൽകണമെന്ന് ആനന്ദ് ശർമ്മ എം.പി അദ്ധ്യക്ഷനായ സമിതി കഴിഞ്ഞദിവസം കേന്ദ്രസർക്കാരിന് ശുപാർശ ചെയ്‌തിരുന്നു. 2018 മുതൽ സൈബർ കുറ്റകൃത്യങ്ങൾ വളരെയധികം വർദ്ധിച്ചിട്ടുണ്ട്. 2018ൽ മാത്രം രാജ്യത്ത് 27243 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2021 ൽ കേസുകൾ ഒരു ലക്ഷത്തിന് മുകളിലെത്തി. സൈബർ പൊലീസിനെ ശക്തിപ്പെടുത്തുകയാണ് കുറ്റകൃത്യം തടയാനുള്ള പ്രധാന മാർഗം. കേരളത്തിലും സൈബർ പൊലീസിന് കൂടുതൽ വിദഗ്ദ്ധ പരിശീലനം ലഭിക്കേണ്ടതുണ്ട്. അതിനായി സൈബർ വിദഗ്ദ്ധരെ പൊലീസ് അക്കാഡമികളിലെത്തിച്ച് പരിശീലനം നൽകണം. പൊലീസ് ഉദ്യോഗസ്ഥരെ വിവിധ സ്ഥലങ്ങളിൽ പരിശീലനത്തിന് അയയ്‌ക്കുന്നതും പരിഗണിക്കാം. തെലുങ്കാനയിലെ സർദാർ വല്ലഭായി പട്ടേൽ നാഷണൽ പൊലീസ് അക്കാഡമി, വടക്കുകിഴക്കൽ പൊലീസ് അക്കാഡമി എന്നിവിടങ്ങളിൽ ഡിസ്ക് - മൊബൈൽ ഫോറൻസിക് ഫോൺ കോളുകളുടെ വിവരങ്ങൾ കണ്ടെത്തൽ, ഇന്റർനെറ്റും സാമൂഹിക മാദ്ധ്യമങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങൾ, ഡിജിറ്റൽ പണമിടപാടിലെ തട്ടിപ്പ് തുടങ്ങി 300 ലധികം കോഴ്സുകളിൽ പരിശീലനം നൽകുന്നുണ്ട്. സംസ്ഥാന പൊലീസ് അക്കാഡമികൾ ഈ സ്ഥാപനങ്ങളുമായി ചേർന്ന് കോഴ്സുകൾ തയ്യാറാക്കിയാൽ ഗുണപ്രദമായിരിക്കും.
സൈബർ സേനയിൽ സാങ്കേതിക വിദഗ്ദ്ധരുടെ കുറവുണ്ട്. സൈബർ പൊലീസ് സ്‌റ്റേഷനുകളിൽ സേനയ്‌ക്ക് പുറത്തുള്ള ഐ.ടി. വിദഗ്ദ്ധരെ ഉൾപ്പെടുത്തി ഹെൽപ്പ് ഡെസ്‌ക് സജ്ജീകരിക്കാം. സാമൂഹിക മാദ്ധ്യമങ്ങളിലെ കുറ്റകൃത്യങ്ങൾ, ഒാൺലൈൻ പണിമിടപാടിലെ തട്ടിപ്പുകൾ എന്നിവ നിരീക്ഷിക്കാൻ ഡാർക്ക് വെബ് മോണിറ്ററിംഗ്, സാമൂഹിക മാദ്ധ്യമ മോണിറ്ററിംഗ് സെല്ലുകൾ അനിവാര്യമാണ്. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷ ഒരുക്കുന്നതിൽ പൊലീസ് സംവിധാനത്തിന്റെ പങ്ക് വലുതാണ്.
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസ് സേന കാലഘട്ടത്തിനനുസരിച്ച് പുനർവിഭാവനം ചെയ്യാനായി 26275 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. ആഭ്യന്തരസുരക്ഷ, നിയമപാലനം, ആധുനിക ശാസ്ത്ര സംവിധാനങ്ങൾ ഒരുക്കൽ, മയക്കുമരുന്ന് വിൽപനയും കൈമാറ്റവും തടയുക, ഫോറൻസിക് സംവിധാനങ്ങൾ, ജമ്മുകാശ്മീർ സുരക്ഷ, നോർത്ത് ഈസ്റ്റ് മേഖലയിലെ സുരക്ഷ എന്നിവയ്‌ക്കാണ് പ്രാമുഖ്യം. കാലത്തിന് അനുസരിച്ച് പരിഷ്‌കാരങ്ങളും സാങ്കേതികവിദ്യകളും സേനയ്‌ക്ക് അനിവാര്യമാണെന്നതിൽ തർക്കമില്ല. എന്നാൽ, പരീക്ഷണങ്ങൾ പരാജയപ്പെട്ടാൽ വലിയ വില നൽകേണ്ടിവരുമെന്നും ചിന്തിക്കണം. സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്കരുത്.