
ആലപ്പുഴ: ജില്ലയിൽ എല്ലാ സർക്കാർ സ്കൂളുകളിലും പ്രീ പ്രൈമറി മുതലുള്ള ക്ലാസുകൾ പുനരാരംഭിച്ചു. 23 ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്കൂൾ തുറന്നപ്പോൾ കുട്ടികളുടെ എണ്ണത്തിൽ ഓരോ ക്ലാസിലും 20 ശതമാനം കുറവ് വന്നിട്ടുണ്ട്. ഇത് വരും ദിവസങ്ങളിൽ പരിഹരിക്കപ്പെടുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. രോഗമുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ അവസരമുണ്ട്. നേരിട്ടെത്താൻ സാധിക്കാത്ത കുട്ടികൾക്ക് അദ്ധ്യാപകർ വിഷയബന്ധിതമായി ഓൺലൈൻ ക്ലാസ് നൽകും. 10,11,12 ക്ലാസുകളിലെ പാഠഭാഗങ്ങൾ 28നകം പൂർത്തിയാക്കി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങളാണ് തുടർന്നുള്ള ദിവസങ്ങളിൽ നടക്കുക. മൂന്നാംതരംഗത്തിൽ ജനുവരി 21നാണ് സ്‌കൂൾ പൂട്ടിയത്. ശനി വരെ ബാച്ച് അടിസ്ഥാനത്തിൽ ഉച്ചവരെയാണ് ക്ലാസ്. 21 മുതൽ ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിൽ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി വൈകിട്ടുവരെ ക്ലാസ് ആരംഭിക്കും. ഈമാസവും അടുത്തമാസവും പൊതു അവധിദിവസങ്ങൾ ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവൃത്തിദിവസമായിരിക്കും. അതേസമയം ജില്ലയിൽ അൺഎയ്ഡഡ് വിഭാഗത്തിലെ ചില സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ തുടരാനാണ് തീരുമാനം. പി.ടി.എ യോഗങ്ങളിലെ ഭൂരിപാക്ഷാഭിപ്രായം മാനിച്ചാണ് തീരുമാനം.
എല്ലാ ശനിയാഴ്ചകളിലും സ്‌കൂൾതല എസ്.ആർ.ജി ചേർന്ന് പാഠഭാഗങ്ങളുടെ പൂർത്തീകരണം സംബന്ധിച്ച് ചർച്ച ചെയ്യും. പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ട പഠനപിന്തുണ പ്രവർത്തനങ്ങൾ അതത് സ്‌കൂൾ തലത്തിൽ ആവിഷ്‌കരിച്ച് നടപ്പിലാക്കും.
....................................
സ്‌കൂൾ മേധാവികൾ ക്ലാസുകൾ സുഗമമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തിൽ ജില്ലാ- ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, പ്രിൻസിപ്പൽ, പ്രഥമാദ്ധ്യാപകർ എന്നിവരിൽ നിന്നും ഓരോ ദിവസത്തെ ഹാജർ - അക്കാഡമിക് പ്രവർത്തനങ്ങൾ വിലയിരുത്തും.
എ.കെ.പ്രസന്നൻ, ജില്ലാ കോ-ഓർഡിനേറ്റർ, വിദ്യാകിരണം മിഷൻ