ആലപ്പുഴ: ഉത്സവസീസൺ അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ എത്തിയ ഇളവുകൾ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് ഉത്സവകമ്മിറ്റിക്കാർ. ഓണാട്ടുകരയുടെ പ്രധാന ഉത്സവങ്ങളായ കുഭഭരണിക്കും ശിവരാത്രിക്കും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, പരിപാടികളടക്കം ഇനി ബുക്ക് ചെയ്യണോ വേണ്ടയോ എന്ന ആലോചനയിലാണ് പലരും. ഭൂരിഭാഗം കമ്മിറ്റിക്കാരും കൊവിഡ് കാലത്ത് സ്റ്റേജ് പരിപാടികളടക്കം ആളുകൾ കൂടുന്ന പരിപാടികൾ വേണ്ടെന്ന് മുൻകൂട്ടി തീരുമാനമെടുത്തിരുന്നു. കലാസമിതികൾ.ക്ഷേത്രാചാരങ്ങളുടെ കൂടി ഭാഗമായി വാദ്യകലാകാരന്മാർക്ക് കൂടുതൽ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെക്കൻ മേഖലയിലെ ക്ഷേത്രങ്ങളിൽ തേരും കുതിരയും ഭരണി നാളിൽ ഇറക്കുന്നതിലും അന്തിമധാരണയായിട്ടില്ല. ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, ചെറിയ തേരുകൾ ഒരുക്കി ചടങ്ങ് നടത്താനാവും പലരും ശ്രമിക്കുക.

അപ്രായോഗികം

ഉത്സവത്തിൽ പങ്കെടുക്കുന്നവർ ആർ.ടി.പി.സി.ആർ പരിശോധനാ ഫലം ഹാജരാക്കണമെന്ന ഉത്തരവ് അപ്രായോഗികമാണെന്ന വിമർശനം ഉയർന്നുകഴിഞ്ഞു. ആഘോഷങ്ങളിൽ 1500 പേർക്ക് വരെ പങ്കെടുക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

പ്രതീക്ഷയോടെ

ശേഷിക്കുന്ന ഉത്സനാളുകളിൽ പരമാവധി അവസരങ്ങൾ പ്രയോജനപ്പെടുത്താനുള്ള ഓട്ടത്തിലാണ് കലാസംഘങ്ങൾ. മുൻപ് സീസൺ സമയത്ത് നൂറുകണക്ക് വേദികൾ ലഭിച്ചിരുന്നവരാണ് ഇന്ന് ഒരു വേദിക്ക് വേണ്ടി കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഉത്സവം ക്ഷേത്രാചാര ചടങ്ങുകൾ മാത്രമായി നടത്താനായിരുന്നു അനുമതി. ഇത്തവണയാണ് പരിപാടികൾക്ക് പച്ചക്കൊടി ലഭിച്ചത്. നാടകം, ഗാനമേള, സ്റ്റേജ് ഷോ, മറ്റ് കലാരൂപങ്ങൾ എന്നിവ ഉപജീവനമാർഗമാക്കിയ നിരവധിപ്പേരാണ് അവസരം നൽകിയുള്ള വിളിക്കായി കാത്തിരിക്കുന്നത്.

.......................................................

കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഉത്സവം ഭംഗിയായി നടത്താനാണ് തീരുമാനം. ഉത്സവത്തിന് 1500 പേർക്ക് പങ്കെടുക്കാമെന്ന തീരുമാനം വന്നത് വൈകിയായതിനാൽ ആസൂത്രണത്തിന് വളരെ കുറച്ച് ദിവസങ്ങൾ മാത്രമേ ലഭിക്കൂ.

ജി.സുരേന്ദ്രൻ, സെക്രട്ടറി, കരിയിൽ പുത്തൻപറമ്പ് ശ്രീദേവീ ക്ഷേത്രം, കരുവാറ്റ

ഇളവുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമായിരുന്നു. ഈ സീസണും നഷ്ടമായ അവസ്ഥയാണ്. സെപ്റ്റംബറോടെ ആരംഭിക്കുന്ന അടുത്ത സീസണിൽ മാത്രമാണ് ഇനി കലാകാരന്മാർക്ക് പ്രതീക്ഷ.

സി.രാധാകൃഷ്ണൻ, അക്ഷരജ്വാല തീയറ്റേഴ്സ്