inl

ആലപ്പുഴ: സംസ്ഥാന കമ്മിറ്റിക്കെതിരേ ഐ.എൻ.എൽ ദേശീയ നേതൃത്വം സ്വീകരിച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് ഐ.എൻ.എൽ ജില്ലാക്കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി. അബ്ദുൾ വഹാബിന്റെ നേതൃത്വത്തിൽ വിശ്വാസമർപ്പിച്ച് മുന്നോട്ടുപോകും. ഇടക്കാലത്ത് പാർട്ടിയിൽ അംഗത്വമെടുത്ത് നേതൃത്വം കൈയടക്കിയ ചിലർക്കു വഴങ്ങി പാർട്ടി കെട്ടിപ്പടുത്ത നേതാക്കളെയും പ്രവർത്തകരെയും തള്ളിക്കളയുകയാണ് ദേശീയ നേതൃത്വം ചെയ്യുന്നത്. പാർട്ടിയെ ഒന്നിച്ചു കൊണ്ടുപോകുന്നതിനു വേണ്ടിയുള്ള നടപടികളുടെ നഗ്നമായ ലംഘനമാണിത്. പാർട്ടിക്ക് നല്ല വേരോട്ടമുണ്ടായിരുന്ന തമിഴ്നാടുൾപ്പെടെ പാർട്ടിയെ തകർത്തതു പോലെ കേരളത്തിലും പാർട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നു. സംസ്ഥാന കമ്മിറ്റിക്കെതിരേയുള്ള നടപടിയെക്കുറിച്ച് ഒരു വിവരവും സംസ്ഥാന കമ്മിറ്റിയംഗങ്ങൾക്കോ മറ്റു ഭാരവാഹികൾക്കോ ലഭിച്ചിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എച്ച്. മുഹമ്മദലി, ജില്ലാ പ്രസിഡന്റ് പി.ടി. ഷാജഹാൻ, ജനറൽ സെക്രട്ടറി സുധീർ കോയ, ജില്ലാ വൈസ്പ് രസിഡന്റ് ഷാജി കോയാപറമ്പിൽ, അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് യൂജിൻ ഫെർണാണ്ടസ് എന്നിവർ പങ്കെടുത്തു.