
മാന്നാർ : രണ്ട് വർഷത്തെ ഇടവേളക്കുശേഷം അമ്മമാരുടെ വിരലുകളിൽതൂങ്ങി കരഞ്ഞും പിണങ്ങിയും കുരുന്നുകൾ വീണ്ടും അങ്കണവാടികളിൽ എത്തി. കൊവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങളിൽ 2020 മാർച്ചിൽ വിദ്യാലയങ്ങൾ അടച്ചിട്ടപ്പോൾ ഒപ്പം തന്നെ അങ്കണവാടികളും അടച്ചിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ നീങ്ങി വിദ്യാലയങ്ങൾ തുറക്കുകയും ഭാഗികമായി ക്ളാസുകൾ ആരംഭിക്കുകയും ചെയ്‌തെങ്കിലും അങ്കണവാടി ക്ളാസുകൾ ആരംഭിച്ചിരുന്നില്ല. അഞ്ചുവയസിനു താഴെയുള്ള കുട്ടികൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഉള്ളതിനാൽ അദ്ധ്യാപകർ മാത്രം അങ്കണവാടിയിൽ എത്തുകയും കുട്ടികളുടെ പോഷാകാഹാരങ്ങളും മറ്റ് ആഹാരപദാർത്ഥങ്ങളും വിതരണം നടത്തുകയുമായിരുന്നു. കഴിഞ്ഞ നവംബറിൽ പ്രവേശനോത്സവം നടത്തിയിരുന്നെങ്കിലും രക്ഷകർത്താക്കൾക്ക് മാത്രമാണ് പങ്കെടുത്തത്. പുതിയ കുട്ടികളുടെ അഡ്മിഷൻ രജിസ്‌ട്രേഷനും നടത്തിയിരുന്നു. ഇന്നലെ അങ്കണവാടികളിൽ എത്തിയ കുട്ടികളെ സ്വീകരിക്കാൻ ബലൂണുകളും തോരണങ്ങളും കൊണ്ട് ക്ളാസുകൾ അലങ്കരിക്കുകയും മധുര വിതരണങ്ങൾ നടത്തുകയും ചെയ്തു. മാന്നാർ ഗ്രാമപഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ പ്രവർത്തിക്കുന്ന 28 അങ്കണവാടികളിലും ക്ലാസുകൾ ആരംഭിച്ചിരുന്നു. പലയിടങ്ങളിലും ഹാജർ നില കുറവായിരുന്നു. വരും ദിവസങ്ങളിൽ കുട്ടികളുട എണ്ണംവർദ്ധിക്കുമെന്നാണ് അദ്ധ്യാപകരുടെ പ്രതീക്ഷ. മാന്നാർ ഗ്രാമപഞ്ചായത്ത് പതിനാലാംവാർഡിലെ വലിയകുളങ്ങര 159-ാം നമ്പർ അങ്കണവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി മധുരപലഹാരങ്ങളും ബലൂണുകളും നൽകി കുട്ടികളെ സ്വീകരിച്ചു. അങ്കണവാടി അദ്ധ്യാപിക ശാലിനി, കുടുംബശ്രീ അംഗങ്ങൾ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.