1

കുട്ടനാട്: എ സി റോഡിൽ കുട്ടനാട് യൂണിയൻ ഓഫിസിന് സമീപത്തെ മേൽപ്പാലം ഉയരം കൂട്ടിനിർമ്മിക്കാത്തതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ യൂണിയൻ നേതൃത്വത്തിന് നേരെ പൊലീസ് ബലപ്രയോഗം നടത്തി. നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രതിഷേധ മാർച്ച് മങ്കൊമ്പ് ബ്ലോക്ക് ജംഗ്ക്ഷനിൽ തടഞ്ഞ ശേഷം അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു നേതാക്കൾക്കുനേരെയുള്ള പൊലീസിന്റെ ബലപ്രയോഗം. സംഭവത്തിൽ ഇന്ന് കുട്ടനാട്ടിലെ മുഴുവൻ ശാഖകളുടെയും നേതൃത്വത്തിൽ പ്രതിഷേധിക്കും. കൂടാതെ 35ഓളം പ്രധാന പ്രവർത്തകർക്ക് നേരെ പുളിങ്കുന്ന് പൊലിസ് കേസെടുത്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടു.

യൂണിയൻ ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് കുട്ടനാട് യൂണിയൻ ചെയർമാൻ പി വി ബിനേഷ് പ്ലാത്താനത്ത് ഉദ്ഘാടനം ചെയ്തു. പ്രതിഷേധ പ്രകടനത്തിന് യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കെ പി സുബീഷ്, സെക്രട്ടറി പി ആർ രതീഷ്, വൈസ് പ്രസിഡന്റ് സിനി, സെക്രട്ടറിമാരായ രഞ്ജി കാവാലം അനീഷ് ലേഖ ജയപ്രകാശ് സജിനി മോഹൻ ശാഖായോഗം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. കുട്ടനാട്ടിലെ രാഷ്ട്രീയ, സാമൂഹ്യ, സാമുദായിക നേതാക്കന്മാർ ധർണയ്ക്ക് പിന്തുണനൽകി.

സംഭവം അറിഞ്ഞ് കുട്ടനാട് എം എൽ എ തോമസ് കെ തോമസ് പൊലീസ് സ്റ്റേഷനിലും യൂണിയൻ ഓഫീസിലുമെത്തി നേതാക്കളുമായി ചർച്ച നടത്തി. യൂണിയൻ ചെയർമാൻ പി വി ബിനേഷ് പ്ലാത്താനത്ത്, വൈസ് ചെയർമാൻ എം. ഡി ഓമനക്കുട്ടൻ, കൺവീനർ സന്തോഷ് ശാന്തി, എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ: കെ പി നാരായണപിള്ള, വ്യാപാരി വ്യവസായി ഏകോപന സമി​തി താലൂക്ക് സെക്രട്ടറി റോയി നെല്ലാക്കുന്നേൽ ഊരാളുങ്കൽ പ്രോജക്ട് മാനേജർ ജയരാജ് നമ്പ്യാർ കൺസൾട്ടൻസി യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മി​റ്റിയംഗങ്ങളായ എസ് പ്രദീപ് കുമാർ, എം പി പ്രമോദ്, കെ കെ പൊന്നപ്പൻ, ചർച്ചയിൽ പങ്കെടുത്തു. നാളെ ഉച്ചയ്ക്ക് 3.30 ന് കളക്ട്രേറ്റിൽ ഈ വിഷയം ചർച്ചചെയ്യാനും തീരുമാനമായി.