കുട്ടനാട്: ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ കെ എസ് റ്റി പി നടത്തുന്ന അശാസ്ത്രിയമായ എലിവേറ്റഡ് ഹൈവേ നി‌ർമ്മാണ പ്രവർത്തനങ്ങൾ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കുട്ടനാട് യൂണിയൻ നേതൃത്വത്തിൽ നടന്ന മാർച്ചിന് നേരെ ബലപ്രയോഗം നടത്തിയ പൊലീസ് നടപടിയെ കൊടിക്കുന്നിൽ സുരേഷ് എം പി ശക്തിയായി അപലപിച്ചു. എലിവേറ്റഡ് ഹൈവേ നിർമ്മാണം ഉപേക്ഷിച്ചു നിലവിലുള്ള റോഡ് ഉയർത്തിയും ചെറുതും വലുതുമായ പാലങ്ങളുടെ വീതികൂട്ടിയും ഓടകൾ നിർമ്മിച്ചും റോഡ് പുതുക്കി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ ഇതിന് യാതൊരു പരിഗണനയും നൽകാതെ നാട്ടുകാർക്കും പാടശേഖരങ്ങൾക്കും റോഡിന് ഇരുവശവും താമസിക്കുന്നവർക്കും യാതൊരു പ്രയോജനവും ലഭിക്കാത്ത തരത്തിലുള്ള പ്രോജക്ട് റിപ്പോർട്ടാണ് കെ എസ് ടി​.പി നിയോഗിച്ച കൺസൾട്ടൻസി തയ്യാറാക്കിയതെന്നും എം പി കുറ്റപ്പെടുത്തി.