anil

ആലപ്പുഴ: റേഡിയോയിൽ ഇഷ്ട ഗാനം ആവശ്യപ്പെടും പോലെ നാട്ടുകാർ കടയിലെത്തി പറയും, അനിലേ, ''മെല്ലെ മെല്ലെ മുഖപടം... പിന്നെ ഒരു പായ്ക്കറ്റ് ചിപ്സ് ''.

അനിൽ ഉടൻ മൈക്ക് കൈയിലെടുക്കും. ഒരു കൈകൊണ്ട് കച്ചവടം, മറുകൈയിൽ മൈക്കേന്തി പാടും. ആലപ്പുഴ ആര്യാട് കൈതത്തിൽ പ്രദേശത്തെ സംഗീത സാന്ദ്രമാക്കുകയാണ് ആശാൻ സ്റ്റോഴ്സ് ഉടമ അനിൽ കൈതത്തിൽ (45).

രാവിലെ ആറിന് കട തുറക്കുന്നതു തന്നെ പാട്ടുപാടൻ തയ്യാറായാണ്. രാത്രി പത്തിന് പൂട്ടാൻ ഒരുങ്ങുമ്പോഴായിരിക്കും ചിലർക്ക് പാട്ടുകേൾക്കേണ്ടത്. അവരെയും തൃപ്തിപ്പെടുത്തി വീട്ടിലെത്തുമ്പോൾ ചിലപ്പോൾ പാതിരാവാകും.

സ്കൂളിൽ പഠിക്കുമ്പോഴേ സിനിമാപ്പാട്ടു പാടി നടക്കുമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് നാട്ടിലെ ഓണാഘോഷ വേദിയിൽ പാടി. ഇഷ്ടപ്പെട്ട നാട്ടുകാർ കല്യാണ സൽക്കാരങ്ങളിലും ചെറിയ ചടങ്ങുകളിലും അനിലിനെ കൊണ്ടു പാടിക്കുന്നത് പതിവായി. കൂട്ടുകാർ ചേർന്ന് 'കൈതത്തിൽ ബീറ്റ്സ്' എന്ന സംഗീത ട്രൂപ്പും ആരംഭിച്ചു.

ഇതിനിടെ ഒരു സുഹൃത്ത് വഴി സംഗീതപ്രേമികളുടെ കൂട്ടായ്മയായ 'ബീറ്റ്സ് ഓഫ് ഗൾഫ് ' എന്ന വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമായി. എറണാകുളത്ത് കൂട്ടായ്മയുടെ സംഗമം നടന്നപ്പോൾ സുഹൃത്തുക്കൾ ബോക്സ്, ആംപ്ലിഫയർ, മിക്സർ, മൈക്ക് എന്നിവ അനിലിന് സമ്മാനിച്ചു. ഇതൊക്കെ വീടിനോട് ചേർന്ന കടയിൽ സെറ്റു ചെയ്താണ് ഫ്രീ ഗാനമേള.

നാല് മാസം മുമ്പാണ് ആലപ്പുഴക്കാരി ബിന്ദുവിനെ ജീവിതസഖിയാക്കിയത്. എഴുപത് വർഷം മുമ്പ് അച്ഛൻ പളനി ആശാൻ ആരംഭിച്ച ചെറിയ കട അനിൽ അഞ്ച് വർഷം മുമ്പാണ് പരിഷ്ക്കരിച്ച് ആശാൻ സ്റ്റോഴ്സാക്കിയത്. അമ്മ കനകമ്മ.