
ആലപ്പുഴ: കൊവിഡ് പരിശോധനാ നിരക്കിന്റെ പേരിൽ സർക്കാരും സ്വകാര്യ ലാബുകളും രണ്ട് തട്ടിലായി. നിരക്കിൽ ഗണ്യമായ കുറവ് വരുത്തിയ സർക്കാർ നടപടി ഏകപക്ഷീയമാണെന്നാണ് ലാബ് ഉടമകൾ ആരോപിക്കുന്നത്. നിലവിൽ നിശ്ചയിക്കപ്പെട്ടിരിക്കുന്ന നിരക്കിൽ പരിശോധന നടത്തുന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് ഇടവരുത്തുമെന്നും, നിലവിൽ ലാബുകളിലുള്ള പരിശോധനാ കിറ്റിന്റെ സ്റ്റോക്ക് തീരുന്ന മുറയ്ക്ക് കൊവിഡ് ടെസ്റ്റ് അവസാനിപ്പിക്കാനാണ് തീരുമാനമെന്നും മെഡിക്കൽ ലാബോറട്ടറി ഉടമകളുടെ സംഘടനകൾ പറയുന്നു. ആർ.ടി.പി.സി.ആർ നിരക്ക് 500ൽ നിന്ന് 300ലേക്കും, ആന്റിജൻ പരിശോധനാ നിരക്ക് 300ൽ നിന്ന് 100 രൂപയിലേക്കുമാണ് സർക്കാർ കുറച്ചത്.
ചെലവ് ഭീമം
സ്വകാര്യ ലാബുകളിൽ ആർ.ടി.പി.സി.ആർ പരിശോധനയ്ക്കുള്ള മോളിക്കുലാർ ലാബ് ക്രമീകരിക്കുന്നതിന് മാത്രം 50 ലക്ഷത്തിലധികം രൂപ മുതൽമുടക്കുണ്ടെന്ന് ലാബ് ഉടമകൾ പറയുന്നു. പ്രത്യേകം മുറിയടക്കമുള്ള സജ്ജീകരണങ്ങളാണ് ഇതിനായി ഒരുക്കുന്നത്. ഇതിന് പുറമേ പി.പി.ഇ കിറ്റ്, എൻ 95 മാസ്കുകൾ, ഗ്ലൗസ്, സാനിട്ടൈസർ, കെട്ടിട വാടക, വൈദ്യുതി ചാർജ്ജ് തുടങ്ങി ചെലവിന്റെ വലിയ പട്ടികയാണ് ലാബുകൾക്ക് ഉയർത്തിക്കാണിക്കാനുള്ളത്. കൊവിഡ് പരിശോധന നടത്തുന്ന ടെക്നീഷ്യൻമാർക്ക് പ്രത്യേക റിസ്ക് അലവൻസും നൽകുന്നുണ്ട്.
സ്വയം പരിശോധന അപകടം
കൊവിഡ് പരിശോധനയ്ക്ക് സർക്കാർ അംഗീകരിച്ച സ്വയം പരിശോധനാ കിറ്റുകൾ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ലാബുകൾ മുന്നറിയിപ്പ് നൽകുന്നു. ബയോ മെഡിക്കൽ മാലിന്യങ്ങൾ സ്വയം പരിശോധകർ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നത്. ഇത് വലിയ തോതിൽ കൊവിഡ് വ്യാപനത്തിന് വഴിവെച്ചേക്കും. രോഗികളുടെ റിപ്പോർട്ട് ആരോഗ്യവകുപ്പിന്റെ പോർട്ടലിൽ നൽകുന്നതിലും പരിശോധകർ വീഴ്ച്ച വരുത്തുന്നതായി ആക്ഷേപമുണ്ട്.
പുതുക്കിയ നിരക്ക് (രൂപയിൽ )
ആർ.ടി.പി.സി.ആർ - 300
ആന്റിജൻ - 100
എക്സ്പെർട്ട് നാറ്റ് - 2350
ട്രൂനാറ്റ് - 1225
ജില്ലയിൽ കൊവിഡ് പരിശോധന നടത്തുന്ന സ്വകാര്യ ലാബുകളുടെ എണ്ണം: 90
കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് ഭീമമായ ചെലവാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ പരിശോധനാ നിരക്ക് കുറച്ച നടപടിയോട് യോജിക്കാനാവില്ല. നിരക്ക് പുനഃക്രമീകരിച്ചില്ലെങ്കിൽ കിറ്റുകളുടെ സ്റ്റോക്ക് തീരുന്ന മുറയ്ക്ക് പരിശോധന നിർത്തിവയ്ക്കും
നൗഷാദ് മേത്തർ, സംസ്ഥാന സമിതിയംഗം, മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ