
ചേർത്തല: രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും ഗവർണർമാർ ആർ.എസ്.എസിന്റെ പ്രചാരകരായി മാറുകയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള പറഞ്ഞു. സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കണിച്ചുകുളങ്ങരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിദേശനയം അടക്കം കോർപ്പറേറ്റുകളാണ് നിയന്ത്രിക്കുന്നത്. തങ്ങളുടെ വരുതിക്ക് നിൽക്കാത്ത മാദ്ധ്യമ സ്ഥാപനങ്ങളെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തകർക്കുകയാണ്. അമേരിക്കയുടെ മിത്രം നമ്മുടേയും മിത്രമെന്നതാണ് കേന്ദ്രനയം. മതപരമായ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്.
വ്യവസായ വികസനത്തിന് ഏറെ പരിമിതികളാണ് സംസ്ഥാനത്തുള്ളത്. പശ്ചാത്തല സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തിയാൽ ഏറെ വ്യവസായങ്ങൾ തുടങ്ങാനാകുമെന്നും എസ്.ആർ.പി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗമായ മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. സമ്മേളനം ഇന്ന് സമാപിക്കും.
ചൈനയ്ക്ക് വീണ്ടും പ്രശംസ
ചൈനയെ വീണ്ടും പ്രകീർത്തിച്ച് എസ്. രാമചന്ദ്രൻ പിള്ള. ചൈന ദാരിദ്ര്യം പൂർണമായി നിർമാർജ്ജനം ചെയ്തു. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളർച്ചയിൽ 30 ശതമാനം സംഭാവന നൽകുന്നത് ചൈനയാണ്.
മറ്റ് രാജ്യങ്ങൾക്ക് പണം കടം നൽകുന്നതും ചൈനയാണ്. ചൈന മിതമായ അഭിവൃദ്ധി നേടിയ രാജ്യമായി. ഇന്ത്യയ്ക്ക് ഇത് എന്തുകൊണ്ട് പറ്റുന്നില്ല. ഇക്കാര്യങ്ങൾ പറയുമ്പോൾ ചൈനയെ പ്രകീർത്തിച്ചെന്ന് പറഞ്ഞ് വിവാദമാക്കുകയാണ്. താരതമ്യം ചെയ്യാനാണ് ശ്രമിച്ചത്. ചൈനയുടെ വളർച്ച സോഷ്യലിസത്തിന്റെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.