ആലപ്പുഴ: പൊതുജനങ്ങളുടെയും സംരംഭകരുടേയും ആവശ്യങ്ങൾ മനസിലാക്കി തൃപ്തികരമായ സേവനം നൽകാൻ ജീവനക്കാർ ജാഗ്രത പുലർത്തണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് സേവന ഗുണമേന്മക്കുള്ള ഐ.എസ്.ഒ 9001: 2015 സർട്ടിഫിക്കേഷൻ നേടിയതിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി. ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകൾക്ക് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം 19ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടന്ന ചടങ്ങിൽ എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, നഗരസഭാധ്യക്ഷ സൗമ്യ രാജ്, നഗരസഭാംഗം കവിത ടീച്ചർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എസ്.ശ്രീകുമാർ, അസിസ്റ്റന്റ് ഡയറക്ടർ രാജേഷ് കുമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.