s

ചേർത്തല: 23-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സി.പി.എം ജില്ലാ സമ്മേളനത്തിന് ആവേശോജ്വലമായ തുടക്കം. കണിച്ചുകുളങ്ങര വെക്കോഷണൽ ഹയർസെക്കൻഡറി സ്കൂളിലെ എം.എ.അലിയാർ നഗറിൽ പ്രതിനിധികൾ പ്രകടനമായെത്തി. പുഷ്പാർച്ചനയ്ക്ക് ശേഷം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ദീപശിഖ തെളിച്ചു. തുടർന്ന് സംസ്ഥാന കമ്മിറ്റി അംഗം ജി.സുധാകരൻ പതാക ഉയർത്തി. സ്വാഗത സംഘം ചെയർമാൻ ആർ.നാസർ സ്വാഗതം പറഞ്ഞു. സി.പി.എം സംസ്ഥാന കമ്മ​റ്റി അംഗവും മന്ത്റിയുമായ സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആർ.നാസർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിലാണ് പൊതുചർച്ച. ജില്ലയിലെ 16 ഏരിയാ കമ്മിറ്റികളിൽ നിന്നായി 43000 പാർട്ടി അംഗങ്ങളിൽ നിന്നും 180 പ്രതിനിധികളാണ് എത്തിയത്.44 ജില്ലാ കമ്മ​റ്റി അംഗങ്ങളും, ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മ​റ്റി അംഗങ്ങളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കൊവിഡ് പശ്ചാത്തലം കണക്കിലെടുത്താണ് 3 ദിവസത്തെ സമ്മേളനം,പ്രകടനവും പൊതുസമ്മേളനവും ഒഴിവാക്കി രണ്ട് ദിവസമാക്കി ചുരുക്കിയത്.സമ്മേളനം ഇന്ന് സമാപിക്കും. പൊതുചർച്ചയ്ക്ക് ശേഷം ഇന്ന് ജില്ലാ, സംസ്ഥാന നേതാക്കൾ മറുപടി നൽകും. തുടർന്ന് പുതിയ ജില്ലാ കമ്മിറ്റി അംഗങ്ങളേയും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളേയും സംസ്ഥാന സമ്മേന പ്രതിനിധികളേയും തിരഞ്ഞെടുക്കും. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കി കർശനമായ നിയന്ത്രണങ്ങളോടെയാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ ശീതികരിച്ച പന്തലിലായിരുന്നു സമ്മേളനം. ജനുവരി അവസാന വാരം നടത്താൻ നിശ്ചയിച്ചിരുന്ന സമ്മേളനം കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റി വെയ്ക്കുകയായിരുന്നു. നാല് ദിവസം മുമ്പ് മാത്രമാണ് സമ്മേളന തിയതി സംസ്ഥാന നേതൃത്വം നിശ്ചയിച്ച് ജില്ലാ കമ്മിറ്റിയെ അറിയിച്ചത്. ദിവസങ്ങൾ കൊണ്ടാണ് ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.സ്വാഗതസംഘം ചെയർമാൻ ആർ.നാസറും കൺവീനർ എസ്.രാധാകൃഷ്ണനും ഉൾപ്പെടെ 251 പേരടങ്ങിയ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്.സമ്മേളനത്തോടനുബന്ധിച്ച് സമ്മേളന നഗറും ദേശീയപാതയോരവും കൊടിതോരങ്ങളാൽ അലങ്കരിച്ചിരുന്നു. ദേശീയപാതയിൽ കണിച്ചുകുളങ്ങര കവലയിൽ കവാടവും ഒരുക്കി. സമ്മേളനത്തോടനുബന്ധിച്ച് സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ ചരിത്ര പ്രദർശനവും ശ്രദ്ധേയമായി.