ടാറിംഗ് ജോലികൾ വൈകുന്നു

ആലപ്പുഴ : പുതുക്കി പണിയുന്നതിന്റെ ഭാഗമായി പൊളിച്ച കല്ലുപാലം -ചുങ്കം -പള്ളാത്തുരുത്തി റോഡിന്റെ ടാറിംഗ് ജോലികൾ വൈകുന്നതിനാൽ ടൂറിസ്റ്റുകളടക്കമുള്ള യാത്രക്കാർ ദുരിതത്തിൽ.

കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും അപകടത്തിൽപ്പെടുന്നത് പതിവായതിനെ തുടർന്ന് പ്രതിഷേധം ശക്തമായതോടെയാണ് പൊതുമരാമത്ത് വകുപ്പ് 2.30കോടി രൂപയുടെ പദ്ധതി റോഡിന്റെ പുനരുദ്ധാരണത്തിനായി തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി റോഡ് പൊളിച്ചു ഗ്രാവൽ വിരിച്ചെങ്കിലും തുടർ ജോലികൾ നടത്താത്തതിനാൽ പൊടിശല്യം രൂക്ഷമാണ്. ഹൗസ് ബോട്ട് യാത്രയ്ക്കും സകാര്യ റിസോർട്ടിൽ പോകാനുമായുമുള്ള ടൂറിസ്റ്റുകളുമായി വരുന്ന വാഹനങ്ങൾ കടന്നു പോകുമ്പോൾ പറക്കുന്ന പൊടിയിൽ കാൽനട, ഇരുചക്രവാഹന യാത്രക്കാരും സമീപത്തെ വീട്ടുകാരും ഏറെ ബുദ്ധിമുട്ടുന്നു. പള്ളാത്തുരുത്തി എൽ.പി സ്‌കൂളിലേക്ക് വിദ്യാർത്ഥികൾ എത്തുന്ന പ്രധാന റോഡാണിത്.

ഹൗസ് ബോട്ടുകളുടെ പ്രധാന പോയിന്റ്

എ.സി റോഡ് നവീകരണം ആരംഭിച്ചതോടെ ടൂറിസ്റ്റുകളുമായുള്ള വാഹനങ്ങൾക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടായതിനാൽ പള്ളാത്തുരുത്തി പാലത്തിനടുത്ത് നങ്കൂരമിട്ടിരുന്ന മുഴുവൻ ഹൗസ് ബോട്ടുകളും ഇപ്പോൾ പള്ളാത്തുരുത്തി കന്നിട്ട ജെട്ടിയിലാണ് കെട്ടിയിട്ടിരിക്കുന്നത്. ഇവിടേക്ക് പോകേണ്ടത് ഈ റോഡിലൂടെയാണ്. , ടൂറിസ്റ്റുകളുമായി പ്രതിദിനം നൂറുകണക്കിന് വാഹനങ്ങളാണ് തകർന്നു കിടക്കുന്ന റോഡിലൂടെ തലങ്ങുംവിലങ്ങും സഞ്ചരിക്കുന്നത്.

'ഗ്രാവൽ നിരത്തിയ റോഡിലൂടെയുള്ള സഞ്ചാരം കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടാക്കുന്ന ദുരിതം ചെറുതല്ല. ടാറിംഗ് ജോലികൾ അടിയന്തരമായി പൂർത്തീകരിക്കണം.

- സന്തോഷ്, പ്രദേശവാസി