cpm

ആലപ്പുഴ: ജില്ലയിൽ പാർട്ടിയിൽ വിഭാഗീയത ഉണ്ടെന്ന് തുറന്നു സമ്മതിച്ചും മുന്നറിയിപ്പ് നൽകിയും സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ പ്രവർത്തന റിപ്പോർട്ട്. പാർട്ടിയായി നിൽക്കാൻ എല്ലാവർക്കും കഴിയണം. വ്യക്തിപരമായ ഇഷ്‌ടാനിഷ്‌ടങ്ങൾ സ്വാധീനിക്കരുത്. ആലപ്പുഴ, തകഴി, മാന്നാർ, ഹരിപ്പാട് ഏരിയ സമ്മേളനങ്ങളിൽ വിഭാഗീയത രൂക്ഷമായിരുന്നു. ഹരിപ്പാട്ടെ വിഭാഗീയത പ്രത്യേകം പരിശോധിക്കണം. ആലപ്പുഴ സൗത്ത്, നോർത്ത് ഏരിയ കമ്മിറ്റികളിൽ ഗ്രൂപ്പിസം ശക്തമാണ്.

തൃക്കുന്നപ്പുഴ ഉൾപ്പെടെ ചില ലോക്കൽ കമ്മിറ്റികളിൽ സംഘടനാ ദൗർബല്യങ്ങളുണ്ട്. സ്വാധീനം വീണ്ടെടുക്കാൻ കഴിയുന്ന തരത്തിലുള്ള ജാഗ്രതയുണ്ടാകണം. ഡി.വൈ.എഫ്.ഐയുടെ കൂടുതൽ യൂണിറ്റുകൾ രൂപീകരിച്ച് ചെറുപ്പക്കാരെ ആകർഷിക്കാൻ കഴിയണം.

 സി.പി.ഐയ്ക്ക് വിമർശനം

പ്രസാദിനെ തോല്പിക്കാൻ ശ്രമിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ ചേർത്തലയിൽ മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയായതിനാൽ സി.പി.ഐക്കാർ തന്നെ പി. പ്രസാദിനെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് റിപ്പോർട്ടിൽ ആരോപണം. തിരഞ്ഞെടുപ്പിന്റെ അവസാനനിമിഷങ്ങളിലും സി.പി.ഐക്കാർ സജീവമായിരുന്നില്ല. കുട്ടനാട്ടിൽ തോമസ് കെ. തോമസ് സ്വീകാര്യനായിരുന്നില്ലെങ്കിലും ഘടകകക്ഷി നൽകിയ പേര് അംഗീകരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.