ഹരിപ്പാട്: പള്ളിപ്പാട് അരയാകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മോഷണം. സ്വർണവും പണവും മോഷ്ടാക്കൾ കവർന്നു. ഇന്നലെ രാവിലെ ക്ഷേത്ര ജീവനക്കാരൻ ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ക്ഷേത്രത്തിന്റെ ശ്രീകോവിൽ തുറന്ന ശേഷം വിളക്കുകൾ കത്തിച്ച് വച്ചനിലയിലായിരുന്നു. തുടർന്ന് ജീവനക്കാരൻ ക്ഷേത്രം ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. പരിശോധനയിൽ വിഗ്രഹത്തിൽ നിത്യവും ചാർത്താറുള്ള രണ്ട് പവന്റെ പുലിനഖ മാലയും ഒരുപവന്റെ നെക്ലേസും മേശയിൽ സൂക്ഷിച്ചിരുന്ന 2500രൂപയും നഷ്ടമായതായി കണ്ടു. ക്ഷേത്രത്തിന്റെ തെക്ക് വശത്തെ വാതിലും തുറന്ന നിലയിലയിൽ ആയിരുന്നു. മോഷ്ടാവ് ക്ഷേത്രത്തിന്റ വടക്ക് ഭാഗത്ത് കൂടി ഏണി ഉപയോഗിച്ച് മുകളിൽ കയറിയശേഷം ഓടിളക്കിയാണ് ക്ഷേത്രത്തിനുള്ളിൽ കടന്നിരിക്കുന്നത്. ക്ഷേത്രം ഭാരവാഹികൾ ഹരിപ്പാട് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും ക്ഷേത്രത്തിൽ എത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം മുതുകുളത്തും സമാന രീതിയിൽ ശ്രീകൊവിലിനുള്ളിൽ വിളക്ക് കത്തിച്ചു വച്ച ശേഷം മോഷണം നടത്തിയിരുന്നു.