തുറവൂർ : ജപ്പാൻ കുടിവെള്ള പദ്ധതിയുടെ തുറവൂരിലെ പ്രധാനപൈപ്പ് പൊട്ടിയത് നന്നാക്കുവാനുള്ള ജോലികൾ ആരംഭിച്ചു. ദേശീയപാതയോരത്ത് തുറവൂർ കവലയ്ക്ക് തെക്ക് ആലക്കാപറമ്പിൽ റോഡിന് കിഴക്കുവശത്തുകൂടി കടന്നു പോകുന്ന 450 ജി.ആർ.പി. പൈപ്പാണ് പമ്പിംഗിനിടെ തിങ്കളാഴ്ച വൈകിട്ട് പൊട്ടിയത്. വേനൽ ക്കാലമായതിനാൽ മൂന്ന് മോട്ടോറുകളാണ് പമ്പിങ്ങിനായി പ്രവർത്തിപ്പിക്കുന്നത്.ഇതിനെ തുടർന്നുള്ള ഉന്നത മർദ്ദമാണ് പൈപ്പ് പൊട്ടാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. തൈക്കാട്ടുശ്ശേരി പമ്പിംഗ് സ്റ്റേഷനിൽ നിന്നും പട്ടണക്കാട്, വയലാർ, കടക്കരപ്പള്ളി എന്നീ പഞ്ചായത്തുകളിലെ ജലസംഭരണികളിലേക്ക് വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പിന് തകരാർ സംഭവിച്ചതോടെ കുടിവെള്ള വിതരണം ഇവിടങ്ങളിൽ പൂർണ്ണമായി നിലച്ചു.ഇന്നലെ രാവിലെയാണ് പൈപ്പിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. ജിക്ക തൈക്കാട്ടുശ്ശേരി പ്ലാന്റ് ഏ ഇ ജി.സുരേഷിന്റെ മേൽനോട്ടത്തിൽ നാല് തൊഴിലാളികൾ ചേർന്നാണ് തകരാർ പരിഹരിക്കാനുള്ള ജോലികൾ ചെയ്യുന്നത്. ജെ.സി.ബി.ഉപയോഗിച്ചു ആഴത്തിൽ മണ്ണ് നീക്കം ചെയ്ത ശേഷം പൊട്ടിയ പൈപ്പിന്റെ ഭാഗം ഒന്നര മീറ്റർ നീളത്തിൽ മുറിച്ചുമാറ്റുകയും ആ ഭാഗത്ത് പുതിയ പൈപ്പ് സ്ഥാപിച്ച് ഒട്ടിക്കുന്ന ജോലികളാണ് നടത്തുന്നത്. നാളെ ഉച്ചയോടെ ശുദ്ധജല വിതരണം പുനരാംഭിക്കാനാകുമെന്നാണ് അധികൃതർ പറയുന്നത്.പ്രധാന പൈപ്പ് പൊട്ടിയതിനെ തുടർന്ന് തകർന്ന ദേശീയ പാതയുടെ അരിക് വശവും അറ്റകുറ്റപ്പണി നടത്തും. .