മാവേലിക്കര: തട്ടാരമ്പലം - പന്തളം റോഡ് നിർമ്മാണം വൈകിയാൽ സമരം നടത്തുമെന്ന് യു.ഡി.എഫ്. തട്ടാരമ്പലം മുതൽ കൊച്ചാലുംമൂട് വരെ റോഡിന്റെ പല ഭാഗങ്ങളും കലുങ്ക് പണിക്കായും ഓട നിർമ്മാണത്തിനായും പൊളിച്ചിട്ടിരിക്കുകയാണ്. ഏറെ തിരക്കുള്ള തഴക്കര പാലത്തിന് കിഴക്ക് നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചിട്ട് ആഴ്ചകൾ ആയി. ഇവിടെ ജല വിതരണ പൈപ്പ് പൊട്ടി വെള്ളം കെട്ടി കിടക്കുകയാണ്. വീടുകളോട് ചേർന്ന് ഓടയ്ക്കായി കുഴി എടുക്കുന്നതിനാൽ പല വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇലക്ട്രിക്ക് പോസ്റ്റുകൾ മാറ്റുന്നതിന് കെ.എസ്.ഇ.ബിയുമായി തർക്കം നിലനിൽക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പായി അതിർത്തി നിർണ്ണയവും ബന്ധപ്പെട്ട വകുപ്പുകളുമായുള്ള കൂടിയാലോചനയും ഉണ്ടാകാതിരുന്നതാണ് ഇതിന് കാരണം.

കോടികൾ ചെലവഴിച്ച് നടത്തുന്ന റോഡ് നവീകരണത്തിന് എങ്ങനെ സാങ്കേതിക അനുമതി ലഭിച്ചു എന്നത് അന്വേഷിക്കണമെന്നും റോഡിൻ്റെ സൈഡിലൂടെ പോകുന്ന കാല പഴക്കം ചെന്ന ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിൽ ആവശ്യമായ നടപടി ഉണ്ടാകാത്തത് സമീപകാലത്തു തന്നെ വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ അനി വർഗീസ് പറഞ്ഞു. നി​ർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുവാൻ നടപടി ഉണ്ടാകത്തപക്ഷം യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം ആരംഭിക്കുമെന്നും കൺവീനർ പറഞ്ഞു.