തുറവൂർ: തുറവൂർ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്ന നൂറു കണക്കിന് പേരുടെ തൊഴിലും വരുമാനവും ഇല്ലാതാക്കാനുള്ള സി.പി.എം അംഗങ്ങളുടെ സമരം പ്രതിഷേധാർഹമാണെന്ന് അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ്കണ്ണാടൻ പറഞ്ഞു.രാഷ്ടീയ വിവേചനം ഇല്ലാതെ എല്ലാ വാർഡുകളിലും തൊഴിലുറപ്പു പദ്ധതി നടപ്പിലാക്കുന്ന തുറവൂർ പഞ്ചായത്ത് ജില്ലയിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകിയ ഗ്രാമ പഞ്ചായത്താണ്. നടപ്പു സാമ്പത്തിക വർഷം തന്നെ 9 കോടി രൂപയോളം തൊഴിലുറപ്പിൽ ചിലവഴിച്ചു കഴിഞ്ഞു. അതുവഴി നൂറു കണക്കിന് കുടുംബങ്ങൾക്ക് വരുമാനവും നാട്ടിൽ വികസനവും ഉണ്ടാക്കാൻ പഞ്ചായത്തിന് കഴിഞ്ഞു. കഴിഞ്ഞ അഞ്ചു വർഷം ഭരിച്ചപ്പോൾ തങ്ങൾക്ക് ചെയ്യാൻ കഴിയാതിരുന്നത് കോൺഗ്രസ് നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണ സമിതി ചെയ്യുന്നതിലെ ജാള്യത മറയ്ക്കാനാണ് സി.പി.എം. അംഗങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.