sobhana

പൂച്ചാക്കൽ : വയസ് 65 ആയതൊന്നും റിട്ട അദ്ധ്യാപിക ശോഭനയെ തളർത്തുന്നില്ല. ഒരു തെങ്ങിൽ കയറി തേങ്ങയിടാൻ എപ്പോഴും റെഡിയാണ്. മറ്റ് വനിതകൾക്ക് തെങ്ങ് കയറ്റത്തിൽ പരിശീലനം നൽകാനും മുന്നിലുണ്ട് പെരുമ്പളം ദ്വീപിലെ ബ്ലോക്ക് പഞ്ചായത്തംഗം കൂടിയായ ശോഭന.

തെങ്ങുകയറ്റത്തിൽ ആവേശം കൊണ്ട് നിരവധി യുവതികൾ പരിശീലനത്തിനായി ശോഭനയെത്തേടി എത്തുന്നുണ്ട്. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ എം.കെ.എസ്.പി യുടേയും നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലായി നടന്നു വരുന്ന വനിതകൾക്കുള്ള തെങ്ങുകയറ്റ പരിശീലനത്തിന്റെ ഭാഗമായാണ് യ ശോഭന തെങ്ങ്കയറ്റം അഭ്യസിപ്പിക്കുന്നത്. പതിനൊന്ന് യുവതികൾക്കാണ് പത്ത് ദിവസം നീണ്ടു നിൽക്കുന്ന പരിശീലനം. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.വി.ആശ തെങ്ങിൽ കയറിയാണ് ക്ലാസ് ഉദ്ഘാടനം ചെയ്തത്. അരൂക്കുറ്റി, തൈക്കാട്ടുശ്ശേരി പഞ്ചായത്തുകളിലും തെങ്ങ് കയറ്റ പരിശീലനങ്ങൾ പുരോഗമിക്കുന്നു. തെങ്ങുകയറ്റം കൂടാതെ ട്രാക്ടർ ഓടിക്കൽ, ഞാറു നടീൽ, മഴവെള്ള സംഭരണി നിർമ്മാണം തുടങ്ങിയവക്കും പരിശീലനം കൊടുക്കുന്നുണ്ട് . തൊഴിൽദാനം ലക്ഷ്യമിട്ട് ആരംഭിച്ചിട്ടുള്ള പരിശീലനത്തിന് താത്പര്യമുള്ള യുവതികൾ ബ്ലോക്ക് പഞ്ചായത്തിലോ അതാത് പഞ്ചായത്തിലെ അപേക്ഷ നൽകണമെന്ന് തൈക്കാട്ടുശേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് പറഞ്ഞു.