ചേർത്തല : ചേർത്തല നഗരസഭയിൽ .വികസനകാര്യ സ്ഥിരംസമിതിയദ്ധ്യക്ഷ സ്മിതാ സന്തോഷും വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീജാസന്തോഷുംരാജിവെച്ചു.വാർഡുകളിലെ ആശാപ്രവർത്തകരായ ഇരുവർക്കും ഓണറേറിയം കൈപ്പറ്റുന്നതിലെ നിയമ തടസ്സം ഒഴിവാക്കുന്നതിനാണ് രാജിവെച്ചത്.ഇവർക്ക് കൗൺസിലർമാരായി തുടരുന്നതിൽ നിയമതടസ്സമില്ല. ഒന്നാം വാർഡിൽ നിന്നുള്ള സി.പി.ഐ പ്രതിനിധിയാണ് സ്മിതാ സന്തോഷ്.രണ്ടാം വാർഡിൽ നിന്നുള്ള കേരളാ കോൺഗ്രസ്(എം)പ്രതിനിധിയാണ് ഷീജാസന്തോഷ്.ഇരുവരും വർഷങ്ങളായി അതാതു വാർഡുകളിൽ ആശാവർക്കർമാരായി പ്രവർത്തിക്കുകയാണ്.നിലവിലും പ്രവർത്തനം തുടരുന്നുണ്ട്.
വികസന കാര്യ സ്ഥിരം സമിതിയിൽ സ്മിതാ സന്തോഷിനെ അഞ്ചുവർഷത്തേക്കുമായിരുന്നു തിരഞ്ഞെടുത്തത്.വിദ്യാഭ്യാസ സ്ഥിരം സമിതിയിൽ എൽ.ഡി.എഫ് ധാരണ പ്രകാരം രണ്ടരവർഷത്തേക്കാണ് ഷീജാസന്തോഷിന്റെ തിരഞ്ഞെടുപ്പ്.കൗൺസിലിലും സ്ഥിരം സമിതികളിലും എൽ.ഡി.എഫിനു വ്യക്തമായ ഭൂരിപക്ഷമുളളതിനാൽ രാജി ഭരണത്തിലും പുതിയ തിരഞ്ഞെടുപ്പിലും വെല്ലുവിളികളുണ്ടാക്കില്ല.