s

ആലപ്പുഴ: പ്രമുഖ കമ്പനികൾ സിമന്റിന് വില കുത്തനെ കൂട്ടിയതോടെ സംസ്ഥാനത്ത് നിർമ്മാണമേഖല പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. സിമന്റിനോടൊപ്പം പാറ,കമ്പി,ചരൽ എന്നിവയ്ക്കും വില കുതിച്ചുയർന്നു. തമിഴ്നാട് ലോബിയാണ് സിമന്റ് വില വർദ്ധനവിന് പിന്നിൽ. ഇവർ തമിഴ്നാട്ടിൽ വിൽക്കുന്നതിനേക്കാൾ ബാഗ് ഒന്നിന് 100 മുതൽ 150രൂപ അധികം വാങ്ങിയാണ് കേരളത്തിൽ വിൽക്കുന്നത്. സംസ്ഥാനത്ത് പ്രമുഖ കമ്പനികളുടെ സിമന്റിന് ഒരു ബാഗിന് 475രൂപയാണ് ഇപ്പോഴത്തെ വില.

ചെറുകിട കച്ചവടക്കാർക്ക് 475രൂപക്ക് നൽകുന്ന സിമന്റ് വൻകിട കരാറുകാർക്ക് 325രൂപക്കും നൽകുന്നുണ്ട്. തിമിഴ്നാട് സർക്കാർ വിപണിയിൽ ഇടപെട്ടതോടെ അവിടെ സിമന്റിന് വില 300മുതൽ 350രൂപ വരെയേയുള്ളൂ. സംസ്ഥാനത്ത് സർക്കാർ ഉമസ്ഥതയിലുള്ള മലബാർ സിമന്റ് ഫാക്ടറിയിൽ ഉത്പാദനം വർദ്ധിപ്പിച്ചാൽ തമിഴ്നാട് ലോബിയുട‌െ വിപണിയിലെ ഇടപെടൽ തടഞ്ഞു നിർത്താനാകും.

വീട് നിർമ്മാണം നടുവൊടിക്കും

സിമന്റ് ചാക്കൊന്നിന് നൂറ് മുതൽ 150 രൂപവരെയും കമ്പിക്ക് കിലോഗ്രാമിന് 12രൂപയും ഒരുഅടി മെറ്റൽ, എം.സാന്റ്, പി.സാന്റ് എന്നിവയ്ക്ക് പത്ത് രൂപയുമാണ് വർദ്ധിച്ചത്. 180അടി കരിങ്കല്ലിന് 900രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. വേനൽക്കാലം തുടങ്ങിയതോടെ ഭവന നിർമ്മാണ പദ്ധതിയിൽ വീട് വയ്ക്കുന്നവരെയാണ് വിലവർദ്ധനവ് കൂടുതൽ ബാധിക്കുന്നത്. 410 സ്‌ക്വയർ ഫീറ്റ് വലിപ്പത്തിലുള്ള വീട് നിർമ്മിക്കുന്നതിന് കരാറുകാർ നേരത്തേ വാങ്ങിയിരുന്നത് 7.5ലക്ഷമായിരുന്നെങ്കിൽ ഇപ്പോൾ ഇത് പത്തു ലക്ഷം രൂപവരെ ഉയർന്നു. സർക്കാരിന്റെ പല നിർമ്മാണ പ്രവർത്തനങ്ങളെയും വിലക്കയറ്റം പ്രതികൂലമായി ബാധിച്ചു. പാറയുടെയും പാറ ഉത്പന്നങ്ങളുടെ ലഭ്യതക്കുറവുമുണ്ട്.

സിമന്റ് വില (ബാഗ് ഒന്നിന് )

ഇപ്പോഴത്തെ വില: ₹370 മുതൽ 475

പഴയ വില : ₹325 മുതൽ 370

തമിഴ്നാട്ടിൽ

ഇപ്പോഴത്തെ വില : ₹325

പാവപ്പെട്ടവർക്ക്: ₹190

നിലവിലെ വില ഒരു അടിക്ക്

എം സാൻഡ്: ₹74
പി സാൻഡ്: ₹70
മെറ്റൽ: ₹65

ചരൽ: ₹120

₹5500 : ഒരു ലോഡ് പാറയുടെ വില (100 അടി)

" സാധനങ്ങളുടെ വില കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ വലിയതോതിൽ വർദ്ധിച്ചത് നിർമ്മാണ മേഖലയെ തളർത്തി. സിമന്റിന് ചാക്കൊന്നിന് കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ 100രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.

- ശശി, കടഉടമ

' തമിഴ്നാട് സർക്കാരിനെ പോലെ വിലപിടിച്ച് നിർത്താൻ സിമന്റ് വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെടണം. മലബാർ സിമന്റ് ഫാക്ടറിയിൽ ഉത്പാദനം വർദ്ധിപ്പിച്ചാൽ വൻകിട സിമന്റ് കമ്പനികളുടെ കടന്നുകയറ്റം ഒഴിവാക്കാം.

-വർഗീസ് കണ്ണമ്പള്ളി, സംസ്ഥാന പ്രസിഡന്റ്, ഓൾ കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ