ആലപ്പുഴ : ആലപ്പുഴ നഗരത്തിൽ വന്നുപെട്ടാൽ 'ശങ്ക" തീർക്കാൻ എവിടെപ്പോകുമെന്നറിയാതെ വലയുന്നതിന് പരിഹാരമാകുന്നു. മൂന്ന് ശൗചാലയങ്ങളാണ് പൊതുജനങ്ങൾക്കും യാത്രക്കാർക്കുമായി നഗരത്തിൽ ഒരുങ്ങുന്നത്.
നിലവിലുള്ള രണ്ട് ശൗചാലയങ്ങൾക്ക് പുറമേയാണിത്. ചുടുകാട് വിശ്രമകേന്ദ്രത്തിലെ ശൗചാലയം പ്രവർത്തനസജ്ജമാണ്. വൈകാതെ ഇതിന്റെ പ്രവർത്തനത്തിന് ടെൻഡർ നൽകും. ബീച്ചിൽ ഡി.ടി.പി.സിയുടെ ടോയ്ലറ്റ് കോംപ്ളക്സിനു പുറമേ , നഗരസഭയുടേതിന്റെ നിർമ്മാണം പുരോഗമിക്കുന്നു. പോർട്ടുമായുള്ള തർക്കങ്ങൾ പരിഹരിച്ചാണ് നിർമാണം തുടരുന്നത്. നഗരചത്വരത്തിലും, പ്രൈവറ്റ് ബസ് സ്റ്റാൻഡിലുമാണ് പുതിയ ശൗചാലയങ്ങളുടെ പണി നടക്കുന്നത്. നഗരചത്വരത്തിലേതിന്റെ നിർമ്മാണം പാതിവഴി പിന്നിട്ടു. ബസ് സ്റ്റാൻഡിലേതിന്റെ അടിത്തറ കെട്ടിയതേയുള്ളൂ. ഇ.എം.എസ് സ്റ്റേഡിയത്തിൽ വർഷങ്ങളായി ശൗചാലയമുണ്ടെങ്കിലും, സ്റ്റേഡിയത്തിന് പുറക് വശത്തായതിനാൽ ആർക്കുമറിയത്തുപോലുമില്ല.
എല്ലാം മാർച്ചിൽ ശരിയാകും
ഈ സാമ്പത്തിക വർഷം തന്നെ എല്ലാ ശൗചാലയങ്ങളും പ്രവർത്തന സജ്ജമാക്കുമെന്ന് നഗരസഭ അധികൃതർ ഉറപ്പ് നൽകുന്നു. നിർമ്മാണം പൂർത്തിയാക്കി മാർച്ചിൽ തന്നെ ബില്ല് മാറും. കരാർ നൽകിയാവും പ്രവർത്തനം.
പേ ആൻഡ് യൂസ് ടോയ്ലറ്റുകൾ (സ്ഥലങ്ങൾ)
1.ആലപ്പുഴ ബീച്ച്
2.ഇ.എം.എസ് സ്റ്റേഡിയം
3.ചുടുകാട്
4.നഗരചത്വരം
5.സ്വകാര്യ ബസ് സ്റ്റാൻഡ്
നിലച്ച് പോയവ
പതിറ്റാണ്ടുകൾക്ക് മുമ്പ് നഗരത്തിൽ ആവശ്യത്തിന് ശൗചാലയങ്ങൾ പ്രവർത്തിച്ചിരുന്നതായി പഴമക്കാർ പറയുന്നു. കല്ലുപാലം, കോട്ടവാതിൽക്കൽ, കൊങ്കിണി ചുടുകാട്, ആലിശ്ശേരി, ചാത്തനാട് ഭാഗങ്ങളിലെ പൊതുശൗചാലയങ്ങൾ കാലങ്ങൾക്കിപ്പുറം പ്രവർത്തനരഹിതമായി.
ഈ സാമ്പത്തിക വർഷം തന്നെ പൊതുശൗചാലയങ്ങളെല്ലാം തുറക്കാൻ സാധിക്കും. നഗരത്തിൽ എത്തുന്നവർക്കും, ദേശീയപാതയിലെയടക്കം യാത്രക്കാർക്കും പ്രയോജനകരമാകുന്ന വിധത്തിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്
- പി.എസ്.എം ഹുസൈൻ, വൈസ് ചെയർമാൻ, ആലപ്പുഴ നഗരസഭ