
ആലപ്പുഴ: 'ഭൂരേഖ വിരൽത്തുമ്പിൽ" എന്ന ആശയത്തോടെ ഭൂരേഖകൾക്ക് കൃത്യതയുറപ്പാക്കാനായി റവന്യൂ വകുപ്പിന്റെ ഡിജിറ്റൽ സർവേ ഏപ്രിലിൽ ആരംഭിക്കും. ഇതിന് മുന്നോടിയായി പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഡ്രോൺ ഉപയോഗിച്ചുള്ള റീസർവേയ്ക്ക് ജില്ലയിൽ തുടക്കമായി. ആദ്യഘട്ടത്തിൽ പുളിങ്കുന്ന്, വെളിയനാട്, അരൂർ വില്ലേജുകളിലാണ് ഡ്രോൺ ഉപയോഗിച്ചുള്ള പൈലറ്റ് സർവേ നടത്തുന്നത്.
ഓരോ വില്ലേജിലും പരീക്ഷണാർത്ഥം 300ഹെക്ടറിന്റെ വീതം സർവേ രേഖകൾ തയ്യാറാക്കും. മരങ്ങൾ ഇടതിങ്ങി നിൽക്കാത്ത പ്രദേശത്താണ് ഡ്രോൺ ഉപയോഗിച്ചുള്ള സർവേ നടത്തുക. പുളിങ്കുന്ന് വില്ലേജിൽ പരീക്ഷണാർത്ഥമുള്ള സർവേയുടെ തുടക്കത്തിൽ തന്നെ ശക്തമായ കാറ്റിൽ തെങ്ങിൽ തട്ടി ഡ്രോൺ തകർന്നു വീണു. ഡ്രോണിന്റെ തകരാർ പരിഹരിച്ച ശേഷം ഒരാഴ്ചക്കുള്ളിലേ റീസർവേ പുനരാരംഭിക്കാനാകൂ. സർവേ വകുപ്പും കേന്ദ്ര സർവേ ഒഫ് ഇന്ത്യ ജീവനക്കാരുമാണ് മേൽനോട്ടം വഹിക്കുന്നത്. ഡ്രോണിന്റെയും മറ്റും സഹായത്തോടെ അഞ്ചുവർഷംകൊണ്ട് രാജ്യമാകെ നടപ്പാക്കുന്ന ഡിജിറ്റൽ സർവേ പദ്ധതി കഴിഞ്ഞവർഷമാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തിരഞ്ഞെടുത്ത വില്ലേജുകളിൽ സർവേ നടന്നിരുന്നു.
ഡിജിറ്റൽ റീസർവേ
ജില്ലയിൽ കുട്ടനാട് താലൂക്കിലെ രണ്ടും ചേർത്തല താലൂക്കിലെ ആറും വില്ലേജുകളിലാണ് ആദ്യഘട്ടത്തിൽ റീസർവേ നടത്തുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഓൺലൈനിൽ ലഭിക്കും. ഡിജിറ്റൽ റീസർവേ പൂർത്തിയാകുന്നതോടെ സേവനങ്ങൾ ഒറ്റ പോർട്ടലിൽ ലഭ്യമാകും. സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഇതു വേഗത്തിൽ ഡൗൺലോഡു ചെയ്തെടുക്കാം. ഇതോടെ ഭൂമിസംബന്ധമായ തർക്കങ്ങൾക്കും പ്രശ്നങ്ങൾക്കും വേഗത്തിൽ പരിഹാരം കണ്ടെത്താൻ കഴിയും. സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളിലും സർവേ നടത്തുന്നതിന് സർവേ ഒഫ് ഇന്ത്യ ഡയറക്ടറും സംസ്ഥാന സർവേ ഡയറക്ടറും ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.
കോർ സ്റ്റേഷൻ
സർവേയുടെ ഭാഗമായി ജില്ലക്ക് അനുവദിച്ച കോർ സ്റ്റേഷൻ അടുത്തമാസം നിവലിൽ വരും. ഒരു കോർ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് മൂന്ന് മീറ്റർ സമചതുരത്തിലുള്ള മുറിയാണ് വേണ്ടത്. ഇതിനായി സർവേവിഭാഗം നാല് ലൊക്കേഷനുകൾ കണ്ടെത്തി. അമ്പലപ്പുഴ ഗവ.കോളേജ്, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി, പുന്നപ്ര കാർമ്മൽ പോളിടെക്നിക്ക് ഗ്രൗണ്ട്, വാടയ്ക്കൽ അംബേദ്കർ റെസിഡന്റ്സ് സ്കൂൾ എന്നിവിടങ്ങളാണ് കണ്ടെത്തിയത്. ലൊക്കേഷൻ അടുത്ത ദിവസം സർവേ ഓഫ് ഇന്ത്യയുടെ ടെക്നിക്കൽ ടീം തീരുമാനിക്കും. കഴിഞ്ഞ ദിവസം ഇവർ നാല് ലൊക്കേഷനുകളും സന്ദർശിച്ചിരുന്നു.
ഓൺലൈനിൽ ലഭിക്കുന്ന വിവരങ്ങൾ
1.ഭൂമിയുടെ സ്‌കെച്ചിന്റെ പകർപ്പുൾപ്പെടെയുള്ളവ
2.ഭൂമിസംബന്ധമായ വിവരങ്ങൾ അടങ്ങിയ പ്രോപ്പർട്ടി കാർഡ്
3.ബാങ്കുവായ്പകളും മറ്റും വേഗത്തിൽ ലഭ്യമാകാനുള്ള ആധികാരികരേഖ
4.ഭൂമിക്ക് നിലവിലുള്ള സർവേ നമ്പർ, സബ് ഡിവിഷൻ നമ്പർ, തണ്ടപ്പേർ നമ്പർ
5.ഭൂമിയിലെ കൈവശാവകാശങ്ങൾ സംബന്ധിച്ച വിവരങ്ങൾ
6.വസ്തുവിന്റെ നിലവിലെ സ്ഥിതി, ഭൂഉടമയുടെ പൂർണ്ണവിവരം
ഡ്രോൺ സർവേ
പുളിങ്കുന്ന്, വെളിയനാട്, അരൂർ വില്ലേജുകളിൽ
ഡിജിറ്റൽ സർവേ
പുളിങ്കുന്ന്, വെളിയനാട്, അരൂർ, എഴുപുന്ന, കുത്തിയതോട്, കടക്കരപ്പള്ളി, ചേർത്തല വടക്ക്, പട്ടണക്കാട്
"ഡിജിറ്റൽ സർവേ ഏപ്രിലിൽ ആരംഭിച്ച് ആറുമാസത്തിനുള്ളിൽ പൂർത്തികരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. റീസർവേ പൂർത്തിയാകുന്നതോടെ സർവേ,റവന്യൂ, രജിസ്‌ട്രേഷൻ വകുപ്പുകൾ നൽകുന്ന സേവനങ്ങൾ ഒറ്റ പോർട്ടലിൽ ലഭ്യമാകും.
- ആർ. സോമനാഥൻ, ഡെപ്യൂട്ടി ഡയറക്ടർ (സർവേ ), ആലപ്പുഴ