
അമ്പലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിൽ വളഞ്ഞവഴി ഭാഗത്തെ പുലിമുട്ട് നിർമ്മാണത്തിന് കിഫ്ബി 43 കോടി രൂപ കൂടി അനുവദിച്ചതായി എച്ച്.സലാം എം.എൽ.എ അറിയിച്ചു. മണ്ഡലത്തിൽ തോട്ടപ്പള്ളി മുതൽ ആലപ്പുഴ ബീച്ച് വരെയുള്ള 23 കിലോമീറ്ററിൽ ഹാർബർ മുതൽ പുറക്കാട് വരെയും, കാക്കാഴം - വളഞ്ഞവഴി ഭാഗത്തും പുന്നപ്ര മുതൽ ആലപ്പുഴ വരെയുമുള്ള മൂന്ന് സ്ഥലങ്ങളിലാണ് ഇനി പുലിമുട്ട് നിർമ്മിക്കാനുള്ളത്. ഈ മൂന്ന് സ്ഥലങ്ങളിൽ ആദ്യം എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയ കാക്കാഴം -വളഞ്ഞവഴി ഭാഗത്തേക്കാണ് ഇപ്പോൾ ഫണ്ട് അനുവദിച്ചത്. മറ്റ് രണ്ട് സ്ഥലങ്ങളിൽ ജലവിഭവ വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയിരിക്കുകയാണ്.