
ആലപ്പുഴ: സി.പി.ഐയെ ശത്രുതയോടെ കാണരുതെന്ന് സി.പി.എം പ്രവർത്തകർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശം. സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു പിണറായി. സി.പി.ഐ മന്ത്രിമാർക്കെതിരെ പ്രതിനിധികൾ ചർച്ചയിൽ വിമർശനമുന്നയിച്ചിരുന്നു. ആഭ്യന്തരവകുപ്പിനെതിരെയുള്ള വിമർശനത്തിനും മുഖ്യമന്ത്രി മറുപടി നൽകി. പൊലീസിൽ കുഴപ്പക്കാരുണ്ട്. അത്തരക്കാരെ ശ്രദ്ധിക്കുകയും അവർക്കെതിരെ നടപടിയെടുക്കുകയും ചെയ്യും. വിമർശനം അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസിനെ നിയന്ത്രിക്കാൻ പോകേണ്ട. ആരെയും വരുതിക്ക് നിറുത്തണമെന്ന മോഹം വേണ്ട. എൻ.സി.പി എൽ.ഡി.എഫിന്റെ ഘടകക്ഷിയാണെന്ന് ഓർക്കണം. പാർട്ടിയിലെ വിഭാഗീയത അസാനിപ്പിച്ചില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകും. ചില സഖാക്കൾക്കെതിരെ ഉയർന്ന വിമർശനങ്ങൾ അവർ തന്നെ ശരിയാണോയെന്ന് പരിശോധിക്കണം. വിഭാഗീയതയ്‌ക്ക് ആരൊക്കയാണ് നേതൃത്വം നൽകുന്നതെന്ന് കൃത്യമായി അറിയാം. അവർ സ്വയം തിരുത്തണം. അല്ലെങ്കിൽ തിരുത്തിക്കും. പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിമർശനങ്ങൾ നല്ലതാണ്. എന്നാൽ, ആപ്പുഴയിലെ സഖാക്കൾ വിമർശിക്കുന്ന രീതി ശരിയല്ലെന്നും പിണറായി കടുത്ത ഭാഷയിൽ പ്രതികരിച്ചു. മുൻമന്ത്രി ജി. സുധാകരനെ സംഘടിതമായി ആക്രമിക്കാനുള്ള ചിലരുടെ ശ്രമം സമ്മേളനത്തിന്റെ ആദ്യദിനം തന്നെ പിണറായി തടഞ്ഞിരുന്നു.കുട്ടനാട്ടിൽ തോമസ് കെ. തോമസ് പൊതുസ്വീകാര്യനായ സ്ഥാനാർത്ഥിയായിരുന്നില്ലെങ്കിലും എൻ.സി.പി ആ പേര് നിർദ്ദേശിച്ചതിനാൽ അംഗീകരിക്കുകയായിരുന്നുവെന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഈ രണ്ടു വിഷയങ്ങളിലുമുള്ള മറുപടിയാണ് പിണറായിയുടെ വാക്കുകളിലെന്ന് വ്യക്തമാണ്.