a

മാവേലിക്കര : ഓണാട്ടുകരയുടെ ഗ്രാമവീഥികളിൽ ഭക്തിയുടെ ആരവങ്ങൾ ഉയർത്തി ചെട്ടികുളങ്ങര അമ്മ പറയ്ക്ക് എഴുന്നള്ളി തുടങ്ങി. ഒന്നാം കരയായ ഈരേഴ തെക്ക് കരയിൽ നിന്നാണ് പറയ്ക്കെഴുന്നള്ളത്ത് തുടങ്ങിയത്. രാവിലെ ജീവതയിൽ ക്ഷേത്രത്തിന് വലംവെച്ചെത്തിയ ദേവിയെ ഈരേഴ തെക്ക് കരയുടെ ഭാരവാഹികൾ മാലചാർത്തി സ്വീകരിച്ച് കരയിലേക്ക് ആനയിച്ചു. കരയിലെ വീടുകളിൽ നടന്ന പറയെടുപ്പ് കൂടാതെ കാട്ടൂർ ഇറക്കിപൂജ, ളാഹ അൻപൊലിക്കളത്തിൽ മുള്ളിക്കുളങ്ങറ ഭഗവതിയുമായി ഒന്നിച്ചുള്ള കൂടിയെഴുന്നള്ളത്ത് എന്നിവ നടന്നു. ഇന്നലെ ഭഗവതിയെ രണ്ടാം കരയായ ഈരേഴ വടക്ക് കരയിലെ പറയെടുപ്പിനായി എഴുന്നള്ളിച്ചു. കരയിൽ ഇന്നലെ മേച്ചേരിൽ ഇറക്കിപൂജ, കാട്ടുവള്ളിൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ പോളവിളക്ക് എഴുന്നള്ളത്ത് എന്നിവ നടന്നു.