
ആലപ്പുഴ : സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആർ. നാസറിനെ വീണ്ടും തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളെ പിന്നീട് തീരുമാനിക്കും. 31 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു. 46 അംഗ ജില്ലാ കമ്മിറ്റിയിൽ ആറ് പേർ പുതുമുഖങ്ങളാണ്.
സംസ്ഥാന സമിതി അംഗമായതിനാൽ മന്ത്രി സജി ചെറിയാൻ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവായി. ഡി. ലക്ഷ്മണൻ, ബി. രാജേന്ദ്രൻ, പി. വിശ്വംഭരപ്പണിക്കർ എന്നിവരെ ഒഴിവാക്കി. അന്തരിച്ച എം. അലിയാർ, പി. പ്രകാശ് എന്നിവരുടെ ഒഴിവുകളും നികത്തി. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവൽ, സെക്രട്ടറി ആർ. രാഹുൽ, കുട്ടനാട് ഏരിയ സെക്രട്ടറി ജി. ഉണ്ണിക്കൃഷ‌്ണൻ, ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം. ശശികുമാർ, ചാരുംമൂട് ഏരിയ സെക്രട്ടറി ബി. ബിനു, കർഷകസംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെത്തിയ പുതുമുഖങ്ങൾ. മാരാരിക്കുളം ഏരിയ സെക്രട്ടറി പി. രഘുനാഥിനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല. ജില്ലാ സെക്രട്ടറിയായിരുന്ന സജി ചെറിയാൻ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ 2018 ലാണ് നാസർ ജില്ലാ സെക്രട്ടറിയായത്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി, ഡി.വൈ. എഫ്.ഐ ജില്ലാ സെക്രട്ടറി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കയർ കോർപ്പറേഷൻ ചെയർമാൻ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പദവികൾ വഹിച്ചിട്ടുണ്ട്. കഞ്ഞിക്കുഴി രണ്ടാം വാർഡ് ഐശ്വര്യയിൽ പരേതരായ പി.കെ. രാഘവൻ, എ.കെ. വസുമതി ദമ്പതികളുടെ മകനാണ്. ഭാര്യ: എസ് ഷീല. മക്കൾ: നൃപൻ റോയി, ഐശ്വര്യ. മരുമകൾ: സുമി.