
ഡ്രൈവിംഗ് ലൈസൻസിനായി കാഴ്ച സർട്ടിഫിക്കറ്റ് മതിയായ പരിശോധന കൂടാതെ നൽകുന്നതായി ആക്ഷേപം
ആലപ്പുഴ : ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുമ്പോഴും പുതുക്കുമ്പോഴും ഹാജരാക്കുന്ന കാഴ്ച സർട്ടിഫിക്കറ്റ് ഡോക്ടർമാർ നൽകുന്നത് വേണ്ടത്ര പരിശോധനകൾ കൂടാതെയാണെന്ന് ആക്ഷേപമുയരുന്നു. ഡ്രൈവിംഗ് സ്‌കൂളുകളും ആർ.ടി.ഒ ഓഫീസുകളുടെ പരിസരത്ത് പ്രവർത്തിക്കുന്ന ഏജന്റുമാരും വഴിയാണ് നേത്രരോഗ വിഭാഗം ഡോക്ടർമാരുടെ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിക്കുന്നത്. ഒരു വിഭാഗം ഡോക്ടർമാർ മാത്രമാണ് ഇതിന് കൂട്ടു നിൽക്കുന്നത്. കൃത്യമായി പരിശോധന നടത്തി മാത്രം സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടർമാരാണ് കൂടുതൽ.
ചില ഡ്രൈവിംഗ് സ്‌കൂളുകളിൽ സർട്ടിഫിക്കറ്റിനുള്ള പണം മാത്രം നൽകിയാൽ മതി, പരിശോധനയ്ക്ക് ഹാജരാകേണ്ട ആവശ്യം പോലുമില്ല. ഇത്തരത്തിൽ ലഭിക്കുന്ന വ്യാജസർട്ടിഫിക്കറ്റ് ആണ് ഇവർ ലൈസൻസിനായി ഹജരാക്കുന്നത്. ഏജന്റുമാരോ ഡ്രൈവിംഗ് സ്‌കൂളുകളുടമകളോ കൂട്ടത്തോടെ എത്തിക്കുന്ന അപേക്ഷകളിൽ നിർദ്ദേശിക്കുന്ന കോളത്തിൽ സർട്ടിഫിക്കറ്റ് തയ്യാറാക്കി കൊടുക്കുന്ന ഡോക്ടർമാരുമുണ്ടെന്ന് ആക്ഷേപമുണ്ട്.
ഏജന്റുമാരും ഡ്രൈവിംഗ് സ്‌കൂളുടമകളും മിനിമം 500രൂപയാണ് സർട്ടിഫിക്കറ്റിനായി അപേക്ഷകനിൽ നിന്ന് വാങ്ങുന്നത്. ഇതിൽ 150മുതൽ 200രൂപ വരെ ഡോക്ടർമാർക്ക് നൽകും. ബാക്കി കമ്മിഷനാണ്. ഓൺലൈൻ സംവിധാനമായതിനാൽ അപേക്ഷകർ കണ്ണ് പരിശോധനാ സർട്ടിഫിക്കറ്റ് അപേക്ഷയ്‌ക്കൊപ്പം വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.
അപകടം വിളിച്ചുവരുത്തുമ്പോൾ
1. കാഴ്ച കുറവായവർ വാഹനം ഓടിക്കുമ്പോൾ അപകടസാദ്ധ്യത കൂടുതലാണ്
2. 40വയസിനു മുകളിലുള്ളവരുടെ കണ്ണിൽ വെള്ളെഴുത്തോ തിമിര രോഗമോ ഉണ്ടാകാം
3. കാഴ്ച കുറവുള്ളവർക്ക് ആവശ്യമായ കണ്ണട നിർദ്ദേശിച്ചാൽ അപകടം ഒഴിവാക്കാം
4. കള്ളക്കളിക്ക് കൂട്ടുനിൽക്കുന്നത് ഒരു വിഭാഗം നേത്ര ഡോക്ടർമാർ മാത്രം
5. അപേക്ഷകർ സഹകരിച്ചാൽ കള്ളക്കളി പൊളിക്കാമെന്ന് മോട്ടോർ വാഹന വകുപ്പധികൃതർ
5487 : ജനുവരിയിൽ ജില്ലയിൽ ലൈസൻസ് പുതുക്കാൻ ലഭിച്ച അപേക്ഷകൾ
വ്യാജന് തടയിടാൻ
അപേക്ഷയോടൊപ്പം സമർപ്പിച്ച വ്യാജസർട്ടിഫിക്കറ്റ് പരിശോധനയിൽ കണ്ടെത്തിയാൽപ്പോലും അത് തെളിയിക്കാൻ അപേക്ഷകരുടെ പിന്തുണ കിട്ടാറില്ലെന്നാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നത്. ജില്ലയിലെ ഓരോ മോട്ടോർ വാഹന വകുപ്പ് ഓഫിസിലും ലേണേഴ്സ് ടെസ്റ്റിനായി പ്രതിദിനം സമർപ്പിക്കുന്ന അപേക്ഷകളുടെ എണ്ണം 35 മുതൽ 70 വരെയാണ്. വെക്കേഷൻ കാലത്ത് ഇത് 150വരെ എത്തും.
യുവാവിന്റെ അനുഭവം
പുതിയ ലൈസൻസെടുക്കുന്നതിനായി കാഴ്ചപരിശോധനാ സർട്ടിഫിക്കറ്റ് വാങ്ങാൻ ഡോക്ടറുടെ വീട്ടിൽ ചെന്നപ്പോൾ അകത്ത് നിന്ന് ഒരു സ്ത്രീ ഇറങ്ങി വന്ന് ഡോക്ടർ സ്ഥലത്തില്ലെന്ന് അറിയിച്ചു. കാര്യം ധരിപ്പിച്ചപ്പോൾ വീടിന്റെ മുൻഭാഗത്ത് ചുമരിൽ സ്ഥാപിച്ചിട്ടുള്ള 'അക്ഷരങ്ങൾ കാണുന്നുണ്ടോ' എന്നു ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞു. ഉടൻ തിരിച്ചുപോയി സർട്ടിഫിക്കറ്റ് നൽകി. ഏത് ഡ്രൈവിംഗ് സ്‌കൂളാണ്' എന്നു ചോദിക്കുകയും ചെയ്തു. പണം വാങ്ങി കതകുമടച്ചു.
കാഴ്ചപരിശോധനയ്ക്ക് എത്താത്തവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതായി ബോദ്ധ്യപ്പെട്ടാൽ ആ ഡോക്ടർക്കും അപേക്ഷകനും എതിരെ നിയമ നടപടി സ്വീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെടും. പലപ്പോഴും അപേക്ഷകർ സത്യം പറയാൻ തയ്യാറാകാത്തതിനാലാണ് നടപടികൾക്ക് ശുപാർശ ചെയ്യാനാകാത്തത്
- ആർ.ടി.ഒ, ആലപ്പുഴ