
ആലപ്പുഴ : കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങൾക്കുള്ള ഇൻഷ്വറൻസ് പരിരക്ഷയിൽ കൂടുതൽ ആനുകൂല്യം പ്രഖ്യാപിച്ചു. നിലവിൽ ലഭിച്ചുകൊണ്ടിരുന്നവയ്ക്ക് പുറമേ, അപകടം മൂലം സംഭവിക്കുന്ന സ്ഥിര അംഗവൈകല്യത്തിന് 25,000 രൂപയുടെ പരിരക്ഷ കൂടി ലഭിക്കുന്നതാണ് പുതിയ ആനുകൂല്യം.
സംസ്ഥാന ഇൻഷ്വറൻസ് വകുപ്പുമായും എൽ.ഐ.സിയുമായും ചേർന്നാണ് അയൽക്കൂട്ടാംഗങ്ങൾക്കുള്ള ഇൻഷ്വറൻസ് പദ്ധതി കുടുംബശ്രീ നടപ്പിലാക്കിയിട്ടുള്ളത്. 2022-23 വർഷത്തേക്ക് അയൽക്കൂട്ടാംഗങ്ങൾക്കുള്ള 'ജീവൻദീപം ഒരുമ' ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതിയിലാണ് പുതിയ പരിരക്ഷ. 2021-22 സാമ്പത്തിക വർഷത്തെ ജീവൻദീപം ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി ഗുണഭോക്താക്കളായ 18 മുതൽ 75 വയസ്സ് വരെ പ്രായമുള്ളവർക്ക് പുതിയ പദ്ധതിയുടെ ഭാഗമാകാം. പുതിയതായി ഇൻഷ്വറൻസ് പദ്ധതിയുടെ ഭാഗമാകാൻ താത്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാനുള്ള തീയതി പിന്നീട് അറിയിക്കും.
പ്രീമിയം തുക: 345 രൂപ
'ജീവൻദീപം ഒരുമ' ഗ്രൂപ്പ് ഇൻഷ്വറൻസ്
(വിവിധ പ്രായഗ്രൂപ്പിലുള്ളവർ മരിച്ചാൽ ലഭിക്കുന്നതുക )
18 മുതൽ 50 വയസ് വരെ: ₹2 ലക്ഷം
51 മുതൽ 59 വയസ് വരെ :₹1 ലക്ഷം
60 മുതൽ 65 വയസ് വരെ: ₹20,000
66 മുതൽ 70 വയസ് വരെ: ₹15,000
71 മതൽ 75 വയസ് വരെ: ₹10,000
(അപകടമരണമാണെങ്കിൽ 50,000 രൂപയുടെ കൂടി കവറേജ് ലഭിക്കും)
കഴിഞ്ഞ സാമ്പത്തിക വർഷം 'ജീവൻദീപം" എന്ന പേരിൽ നടത്തിയ അതേ പദ്ധതിയാണ് 'ജീവൻദീപം ഒരുമ" എന്ന പേരിൽ ഇത്തവണ നടപ്പാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം എൻറോൾമെന്റ് നടത്തിയവരെ പുതുക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്
- കുടുംബശ്രീ ജില്ലാ മിഷൻ അധികൃതർ