s

സർവേയുമായി ലീഗൽ സർവീസ് അതോറിട്ടി

ആലപ്പുഴ: പൊതുജനങ്ങൾക്ക് നിയമസേവനങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ടോ എന്നുറപ്പാക്കുന്നതിനും, കുറവുകൾ പരിഹരിക്കുന്നതിനുമായി ജില്ലാ ലീഗൽ സർവ്വീസ് അതോറിട്ടിയുടെ നേതൃത്വത്തിൽ സർവ്വേ ആരംഭിച്ചു. ആദ്യ ഘട്ടമായി നടത്തുന്ന സാമ്പിൾ സർവ്വേയ്ക്ക് മണ്ണഞ്ചേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ തുടക്കമായി. ജനങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ കുറവുകൾ പരിഹരിച്ചും അർഹതപ്പെട്ടവർക്ക് അടിയന്തര സേവനമെത്തിച്ചും പദ്ധതി വിപുലമാക്കാനാണ് ആലോചന. വരും ദിവസങ്ങളിൽ മറ്റ് പഞ്ചായത്തുകളിലടക്കം സർവ്വേ നടത്തുന്നത് പരിഗണനയിലാണ്. മണ്ണഞ്ചേരി പഞ്ചായത്തിലെ 650 വീടുകളിലെ സർവ്വേ ഒരാഴ്ച്ചയ്ക്കുള്ളിൽ പൂർത്തീകരിക്കും. സർവ്വേയുടെ ഉദ്ഘാടനം ജില്ലാ ലീഗൽ സർവ്വീസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ എം.ടി.ജലജാറാണി നിർവഹിച്ചു. ലീഗൽ സർവീസസ് അതോറിട്ടി ആക്ട് എന്ന വിഷയത്തിൽ പാരലീഗൽ വോളണ്ടിയർ തോമസ് ജോൺ ക്ലാസ് നയിച്ചു. വാർഷിക വരുമാനം 3 ലക്ഷത്തിൽ താഴെയുള്ള എല്ലാവർക്കും സൗജന്യ നിയമസഹായത്തിന് അർഹതയുണ്ടാകും. വക്കീൽ ഫീസ് മുതൽ എല്ലാ ചെലവും അതോറിട്ടി വഹിക്കും.

അതോറിട്ടിയുടെ പ്രവർത്തനങ്ങൾ

 നിയമസഹായം

 നിയമ ബോധവത്ക്കരണം

 ലോക് അദാലത്ത്

സഹായം ലഭിക്കുന്നത്

1.സ്ത്രീകൾക്കും കുട്ടികൾക്കും

2.പട്ടികജാതി - പട്ടികവർഗ വിഭാഗം

3.മനുഷ്യക്കടത്തിൽപ്പെട്ടവർക്ക്

4.ശാരീരിക വെല്ലുവിളി നേരിടുന്നവർ

5.ദുരന്തങ്ങൾ, വർഗീയ കലാപം എന്നിവയിലെ ഇരകൾ

6.വ്യവസായ തൊഴിലാളികൾ

7.കസ്റ്റഡിയിലുള്ള പ്രതികൾ

നിയമപരമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിലെ തടസങ്ങളെക്കുറിച്ച് വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുക എന്നതാണ് സർവ്വേയുടെ ലക്ഷ്യം. സർവ്വേയിൽ കുറിച്ചെടുക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ കർശനമായ ഇടപെടലുണ്ടാവും

- ജില്ലാ ലീഗൽ സർവീസ് അതോറിട്ടി