
മാന്നാർ : കോഴിക്കൂടിനുള്ളിൽ നിന്ന് മുട്ടമോഷണം പതിവായതോടെ നിരീക്ഷണം ശക്തമാക്കിയപ്പോൾ കുടുങ്ങിയ കള്ളനെ കണ്ട് വീട്ടുകാർ ഞെട്ടി ! അഞ്ചടിയോളം നീളമുള്ള ഉടുമ്പാണ് കഥാപാത്രം. മാന്നാർ പാവുക്കര കരയോഗം യു.പി സ്‌കൂളിന് സമീപം നെടിയത്ത് കിഴക്കേതിൽ ഷിജാർ നസീറിന്റെ വീടിനോട് ചേർന്ന കോഴിക്കൂട്ടിലാണ് ഉടുമ്പ് പിടിയിലായത്.
കോഴിമുട്ട മോഷ്ടിക്കാൻ പതിവുപോലെ കൂട്ടിനുള്ളിൽ കയറിയപ്പോൾ കോഴികൾ ബഹളംവെച്ചതാണ് 'കള്ളന്" വിനയായത്. ഡോ.കെ.എം ചെറിയാൻ ഇൻസ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ ഡ്യൂട്ടി മാനേജരായി ജോലി ചെയ്യുന്ന ഷിജാർ ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ വീട്ടിലെത്തിയപ്പോഴാണ് കോഴികളുടെ കരച്ചിൽ കേട്ടത്. ഓടിച്ചെന്ന ഷിജാർ ഉടുമ്പിനെക്കണ്ട് ഭയന്നെങ്കിലും കൂടിന്റെ വാതിൽ പുറത്തുനിന്ന് അടച്ചു. തൊട്ടടുത്ത വയലിൽ നിന്നാണ് ഉടുമ്പെത്തിയത്.
അയൽവാസിയായ മിഹ്റാജ് വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചതോടെ റാന്നിയിൽ നിന്നും ഫോറസ്റ്റ് റാപ്പിഡ് റെസ്പോൺസ് ടീമെത്തി. കോഴിക്കൂട്ടിനുള്ളിൽ കയറി അവർ ഉടുമ്പിനെ ചാക്കിലാക്കി. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അജയകുമാർ.എം, നിധിൻ ഇ.എസ്, ഫിറോസ്ഖാൻ എന്നിവരടങ്ങിയ ടീമാണ് ഉടുമ്പിനെ പിടികൂടിയത്. പിടികൂടിയ ഉടുമ്പിനെ വനത്തിനുള്ളിൽ കൊണ്ട് വിടുമെന്ന് അവർ പറഞ്ഞു.