ആലപ്പുഴ: വള്ളിക്കുന്നം പഞ്ചായത്തിൽ ഇന്ന് നടക്കാനിരിക്കുന്ന സി.ഡി.എസ് തിരഞ്ഞെടുപ്പിൽ ഒരു എ.ഡി.എസ് അംഗത്തിന് വോട്ടവകാശം നിക്ഷേധിച്ച വരണാധികാരിയുടെ തീരുമാനത്തിനെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകി. മുൻ സി.ഡി.എസ് ചെയർപേഴ്സണും 17-ാം വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എ.ഡി.എസ് അംഗവുമായ ഇന്ദിരയ്ക്കാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യത കാണിച്ച് ഇന്നലെ കത്തുനൽകിയത്. ഇതിനെതിരെയാണ് ഇന്ദിര കളക്ടർക്ക് പരാതി നൽകിയത്.മാവേലിക്കര ഫസ്റ്റ്ക്ളാസ് കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ മത്സരിക്കാൻ അയോഗ്യത ഉണ്ടെന്ന് കാണിച്ചാണ് ജില്ലാ വരണകാരിയുടെ കത്തിൽ നിർദ്ദേശിച്ചത്. എന്നാൽ കത്തിൽ ഓഫീസ് സീലോ കേസിന്റെ നമ്പരോ ഉൾപ്പെടുത്താതെ തന്നെ ബോധപൂർവ്വം ഒഴിവാക്കുകയാണെന്നാണ് ഇന്ദിര പറയുന്നത്. ഇതിനെതിരെ നിയമനടപിടി സ്വീകരിക്കുമെന്നും മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുമെന്നും ഇന്ദിര വ്യക്തമാക്കി.