
അമ്പലപ്പുഴ: രഞ്ജിത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ലക്ഷ്മിക്ക് കൈത്താങ്ങായി വാർഡ് മെമ്പർ സീന.അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ മൂന്ന് മാസം മുമ്പ് എലിപ്പനി ബാധിച്ചു മരണമടഞ്ഞ തട്ടുങ്കൽ രഞ്ജിത്തിന്റെ കുടുംബത്തിന്സ്വന്തമായി തലചായ്ക്കാൻ ഒരു വീടില്ലായിരുന്നു.ഇതിന് പരിഹാരമായാണ് വാർഡ് മെമ്പർ സീനയുടെ നേതൃത്വത്തിൽ താത്കാലിക ഭവനം നിർമ്മിച്ചു നൽകിയത്. രഞ്ജിത്തും ഭാര്യ ലക്ഷ്മിയും മക്കളായ വിഷ്ണു(17),വിപിൻ(12) എന്നിവർ കുടുംബ വീട്ടിൽ താമസിച്ചു വരുന്നതിനിടെയാണ് പനിബാധിച്ച് രഞ്ജിത്തിന്റെ അപ്രതീക്ഷിത മരണം . സ്ഥിരം കിടപ്പാടം ഇല്ലാത്ത രഞ്ജിത്തിന്റെ കുടുംബത്തിന് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വാർഡ് കോൺഗ്രസ് കമ്മിറ്റിയും വാർഡ് നിവാസികളുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ കുടുംബ ഓഹരിയായി ലഭിച്ച 3സെന്റ് സ്ഥലത്താണ് താത്കാലിക ഭവനം നിർമ്മിച്ചു നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസും വാർഡ് മെമ്പർ സീനയും ചേർന്ന് ഭവനത്തിന്റെ താക്കോൽ കൈമാറി. കോൺഗ്രസ് വാർഡ് പ്രസിഡന്റ് കെബീർ , മണ്ഡലം പ്രസിഡന്റ് സുരേഷ് , മുഹമ്മദ് ഹാഷിം വണ്ടാനം,നിസാർ വെള്ളാപ്പള്ളി, ചന്ദ്രൻ, അബ്ദുൽ റഹ്മാൻ വിശ്യമ്മ സുഗതൻ ,രാജു എന്നിവർ പങ്കെടുത്തു .