s
കടൽപ്പാലം

ആലപ്പുഴ: ഇരുമ്പ് തൂണുകൾ ഉപയോഗിച്ച് ടി മാതൃകയിൽ കടൽ തടപ്പാലങ്ങൾ നിർമ്മിച്ചാൽ കടലാക്രമണത്തെ ചെറുക്കാൻ കഴിയുമെന്ന ആശയം ഉയരുന്നു. പഠനം നടത്തി പദ്ധതി നടപ്പിലാക്കിയാൽ കടലാക്രമണം തടയുന്നതോടൊപ്പം കടൽ ടൂറിസത്തിന്റെ വികസനത്തിനും ഗുണകരമാകും. നൂറ്റാണ്ടുകൾ പഴക്കമുള്ള ശംഖുംമുഖം, ആലപ്പുഴ, തലശേരി കടൽപ്പാലങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശങ്ങൾ പരിശോധിച്ചാൽ തിരകളെ ഭേദിച്ചുകൊണ്ട് ഇന്നും തീരത്തെ സംരക്ഷിക്കുന്നുണ്ടെന്ന് ബോദ്ധ്യമാകും. കരിങ്കല്ലുകൊണ്ടുള്ള ഭിത്തിയും പുലിമുട്ടുകളുമായാണ് ഇപ്പോൾ കടലാക്രമണ പ്രദേശങ്ങളിൽ തിരയുടെ ശക്തി കുറയ്ക്കുന്നത്. കരിങ്കല്ലിന്റെ ലഭ്യത കുറഞ്ഞതും ടെട്രൊപോഡുകളുടെ നിർമാണത്തിനാവശ്യമായ കരിങ്കൽപ്പൊടി ആവശ്യത്തിന് കിട്ടാത്തതും പുലിമുട്ട് നിർമ്മാണത്തിന് തടസമുണ്ടാക്കുന്നുണ്ട്.

ടി മാതൃകയിലുള്ള കടൽ തടപ്പാലങ്ങൾ, കടൽത്തിരകൾക്കു വിലങ്ങനെ ഇരുമ്പു തൂണുകളിൽ നിർമിച്ചാൽ കടലാക്രമണത്തെ ചെറുക്കുമെന്ന വാദവുമായി മത്സ്യതൊഴിലാളി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

കടൽ തടപ്പാലവും ടൂറിസം വികസനവും

 ആലപ്പുഴ ബീച്ചിലെ കടൽപ്പാലം പുനരുദ്ധരിക്കുമ്പോൾ പൈലറ്റ് പദ്ധതിയായി നടപ്പാക്കണം

 ബീച്ചിലെ വിനോദസഞ്ചാര വികസന സാദ്ധ്യത വർദ്ധിക്കും

 പദ്ധതി വിജയകരമായാൽ ആലപ്പുഴ മുതൽ അന്ധകാരനഴി വരെയും വലിയഴീക്കൽ വരെയും സ്ഥാപിക്കാം

 ഇവ ബന്ധപ്പെടുത്തിയുള്ള യാത്രാബോട്ട്, യാത്രാവള്ളം സർവീസുകൾ തുടങ്ങാം

 കടൽപ്പാലങ്ങളിൽ ജെട്ടി നിർമ്മിച്ച് യാത്രക്കാർക്ക് നാടൻ ഭക്ഷണ വിഭവങ്ങൾ ലഭ്യമാക്കാം

പുലിമുട്ടിനേക്കാൾ നല്ലത്

 കടലിലേക്ക് കെട്ടിയിരിക്കുന്ന പുലിമുട്ടുകളുടെ ഇടതുവശം മണ്ണ് അടിഞ്ഞ് കരയാകും

 പുലിമുട്ടുകളുടെ വലതുവശം വലിയ തോതിൽ കടലെടുക്കും

 ഇരുമ്പുതൂണുകളുടെ കടൽതടപ്പാലങ്ങൾ ഒഴുക്കിനെ തടസപ്പെടുത്തില്ല

 തൂണുകൾക്കിടയിലൂടെ വെള്ളം തടസമില്ലാതെ ഒഴുകുന്നതുകൊണ്ട് ചുഴികൾ ഉണ്ടാകില്ല

 കടൽ കരകാർന്നെടുത്തുള്ള ദുരന്തം ഒഴിവാക്കാൻ സാധിക്കും.

" പദ്ധതിയുടെ സാദ്ധ്യതാ പഠനം ഉടൻ ആരംഭിക്കണം. 2018ൽ ഹൈക്കോടതിയിൽ നൽകിയ പൊതുതാത്പര്യ ഹർജിയിൽ ലഭിച്ച പദ്ധതി ഏറ്റെടുക്കണമെന്നുള്ള വിധിയുടെ പകർപ്പ് മന്ത്രിമാരായ സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, എ.എം. ആരിഫ് എം.പി, പി.പി. ചിത്തരഞ്ജൻ എം.എൽ.എ എന്നിവർക്ക് നൽകി. അടുത്ത ബഡ്ജറ്റിൽ പദ്ധതി നിർദേശം ഉണ്ടാകുമെന്നാണ് പ്രതീക്ഷ

- ഡോ. ഫാ. വി.പി.ജോസഫ് വലിയവീട്ടിൽ, കേരളാ കോസ്റ്റൽ മിഷൻ ഡയറക്ടർ