
ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് 12ാം വാർഡ് ലൂഥർ ജംഗ്ഷന് സമീപം വില്ലേജ്-കൃഷിവകുപ്പ് അധികൃതർ നൽകിയ സ്റ്റോപ് മെമ്മോ അവഗണിച്ച് സ്വകാര്യ വ്യക്തി നടത്തിയ നിലംനികത്തൽ എ.ഐ.വൈ.എഫ് തടഞ്ഞു കൊടി നാട്ടി. നിലം നികത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ആദ്യം വിഷയം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയത്.തുടർന്ന് വില്ലേജ് അധികൃതർ എത്തി സ്റ്റോപ്പ് മെമോ നൽകുകയും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എത്തി നികത്ത് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ നികത്തൽ തുടർന്നു. തുടർന്നാണ് പ്രവർത്തകർ എത്തി തടയുകയും കൊടി നാട്ടുകയും ചെയ്തത്.
ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.ശ്യാം, ചേർത്തല സൗത്ത് മണ്ഡലം സെക്രട്ടറി സാംജു സന്തോഷ്, ജോയിന്റ് സെക്രട്ടറി ചിന്തു കമൽ,വി.ശൈലേഷ് തുടങ്ങിയവർ നേതൃത്വം നൽകി.