bribe

സി.പി.ഐ നേതാവും ജീവനക്കാരുമുൾപ്പടെ 4 പേർ ആശുപത്രിയിൽ

അരൂർ: വില്ലേജ് ഓഫീസ് ജീവനക്കാരൻ കൈക്കൂലി ചോദിച്ചെന്ന ആരോപണത്തെപ്പറ്റി അന്വേഷിക്കാനെത്തിയ സി.പി.ഐ പ്രാദേശിക നേതാവുൾപ്പെടെയുള്ളവരും ജീവനക്കാരും തമ്മിലുണ്ടായ തർക്കം വാക്കേറ്റത്തിലേക്കും സംഘർഷത്തിലേക്കും നീണ്ടു. നാലു പേർ ആശുപത്രിയിൽ ചികിത്സ തേടി. സി.പി.ഐ അരൂർ മണ്ഡലം സെക്രട്ടറി പി.എം.അജിത്ത് കുമാർ (58), അരൂർ ഇടത്തിപറമ്പിൽ നാസർ (48), സ്പെഷ്യൽ വില്ലേജ് ഓഫീസർ ജോണി, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് എം.ശ്രീകുമാർ എന്നിവരാണ് തുറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

ഇന്നലെ വൈകിട്ട് 4നായിരുന്നു സംഭവം. വീടിനരികിലെ തോട് പൂഴിയിട്ട് നികത്തുന്നതിനെതിരെ സമീപവാസിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാസറിന് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.തുടർ നടപടിയിൽ നിന്ന് ഒഴിവാക്കാൻ തന്നോട് വില്ലേജ് ഓഫീസ് ജീവനക്കാരൻ 5000 രൂപ കൈക്കൂലി ചോദിച്ചതായി നാസർ അജിത്തിനെ അറിയിച്ചു. തുടർന്ന് വില്ലേജ് ഓഫീസിലെത്തി ഇക്കാര്യം ചോദ്യം ചെയ്ത തന്നെ വില്ലേജ് അസിസ്റ്റൻറ് ഉൾപ്പടെയുള്ള ജീവനക്കാർ മർദ്ദിച്ചെന്ന് അജിത്ത് കുമാർ പറഞ്ഞു. ഓഫീസ് പൂട്ടിയിട്ട ശേഷം അജിത്തും നാസറും ചേർന്ന് തങ്ങളെ മർദ്ദിച്ചുവെന്നാണ് വില്ലേജ് ഉദ്യോഗസ്ഥർ പറയുന്നത്. ജീവനക്കാരും ഓഫീസിലെത്തിയവരും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിലെത്തിയതോടെ നിരവധി പേർ ദേശീയപാതയ്ക്കരികിലെ ഓഫീസിന് മുന്നിൽ തടിച്ചു കൂടി.വിവരമറിഞ്ഞു അരൂർ പൊലീസും ചേർത്തല തഹസിൽദാർ ആർ.ഉഷയും സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.