s

ആലപ്പുഴ: വാർഷിക പരീക്ഷയ്ക്ക് മുന്നോടിയായി മുഴുവൻ സമയ ക്ലാസുകൾക്ക് തിങ്കളാഴ്ച തുടക്കമാകവേ, കൊവിഡ് വാക്സിനെടുക്കാനുള്ള ഓട്ടത്തിലാണ് കുട്ടികളും രക്ഷിതാക്കളും. 15 മുതൽ 18 വയസ് വരെയുള്ളവർക്കാണ് വാക്സിനെടുക്കാൻ നിലവിൽ അനുമതി. ജില്ലയിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലടക്കം ആവശ്യത്തിന് വാക്സിൻ സ്റ്റോക്കുണ്ടെന്ന് ആരോഗ്യ വകുപ്പ് അവകാശപ്പെടുമ്പോഴും, പല ദിവസങ്ങളിലും വാക്സിൻ ലഭിക്കാതെ മടങ്ങേണ്ടി വരുന്നതായി രക്ഷിതാക്കൾ പരാതിപ്പെടുന്നു. അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബക്ഷേമ കേന്ദ്രങ്ങളിലും വാക്സിനേഷന് വേണ്ടി പ്രത്യേക ദിവസങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ചെന്നിട്ടും മരുന്ന് സ്റ്റോക്കില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് കുട്ടനാട് സ്വദേശിയായ രക്ഷിതാവ് പറയുന്നു. പ്ലസ് വൺ വിദ്യാർത്ഥിയായ മകളെയും കൂട്ടി വാക്സിനേഷൻ ദിവസമായ വ്യാഴാഴ്ച നാല് കേന്ദ്രങ്ങളിൽ എത്തിയിട്ടും വാക്സിൻ ലഭിച്ചില്ല. ചമ്പക്കുളം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, ചെമ്പുംപുറം സി.എച്ച്.സി, കഞ്ഞിപ്പാടം സബ് സെന്റർ എന്നിവിടങ്ങളിൽ വാക്സിൻ സ്റ്റോക്കില്ലെന്ന അറിയിപ്പാണ് ലഭിച്ചത്. മൂന്നിടത്ത് കയറിയ ശേഷം വൈകി അമ്പലപ്പുഴ കച്ചേരിമുക്കിലെ വാക്സിനേഷൻ കേന്ദ്രത്തിലെത്തിയപ്പോഴേക്കും, അന്നത്തെ സ്റ്റോക്ക് അവസാനിച്ചിരുന്നു.

ആശങ്ക ഒഴിയുന്നില്ല

പത്താം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് തിങ്കൾ മുതലാണ് ഒഫ് ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നത്. വാക്സിന്റെ സുരക്ഷയില്ലാതെ കുട്ടികളെ ക്ലാസിലയക്കാൻ ആശങ്കയുണ്ടെന്ന് രക്ഷിതാക്കൾ പറയുന്നു. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള വാക്സിൻ വിതരണം ആരോഗ്യവകുപ്പ് നേരത്തെ നിറുത്തിവച്ചിരുന്നു.

ജില്ലയിൽ കുട്ടികൾക്കുള്ള കൊവിഡ് പ്രതിരോധ വാക്സിൻ ആവശ്യത്തിന് സ്റ്റോക്കുണ്ട്. ഓരോ സെന്ററിലും നിശ്ചയിച്ചിരിക്കുന്ന ദിവസങ്ങളിൽ മാത്രമാണ് വാക്സിനെടുക്കുക. അറിയിപ്പ് നൽകിയിരിക്കുന്ന ദിവസം വാക്സിൻ ലഭ്യമായിട്ടില്ലെങ്കിൽ അന്വേഷിക്കും

- ഡോ ജമുനാ വർഗീസ്, ഡി.എം.ഒ

ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളിൽ വാക്സിനേഷൻ സൗകര്യം ലഭ്യമാണെന്ന് അറിയിപ്പ് ലഭിച്ച മുറയ്ക്കാണ് രാവിലെ മകളെയും കൂട്ടി ചെന്നത്. എന്നാൽ നാല് സെന്ററുകളിലും മരുന്ന് സ്റ്റോക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. അവസാനമെത്തിയ സെന്ററിൽ ഏറെ വൈകി ചെന്നതിനാൽ മരുന്ന് തീർന്നിരുന്നു

-വേണു, രക്ഷിതാവ്, കുട്ടനാട്