s

ആലപ്പുഴ: വിഭാഗീയതയുടെ കാറ്റ് ഇപ്പോഴും വീശുന്നുണ്ടെന്ന് തുറന്നുപറച്ചിൽ. ഏതു പ്രതിസന്ധികളെയും തരണം ചെയ്യാൻ പാർട്ടിക്ക് കെൽപ്പുണ്ടെന്ന വിശ്വാസം. നേതാക്കളുടെ തണലിൽ ഗ്രൂപ്പില്ലെന്ന അവകാശവാദം. സംഘടനാതത്വങ്ങൾ ലംഘിക്കുന്നവർക്ക് നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ്. രണ്ടാം തവണയും സി.പി.എം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ആർ.നാസർ പാർട്ടി നയം വ്യക്തമാക്കുകയാണ്.

? സെക്രട്ടറി പദവിയിൽ നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ടോ

പ്രതിസന്ധികൾ തരണം ചെയ്‌തുള്ള പ്രവർത്തന മുന്നേറ്റമാണുണ്ടായത്. കടുത്ത വെല്ലുവിളികളൊന്നും നേരിടേണ്ടി വന്നില്ല. ജനസ്വാധീനത്തിനൊപ്പം സംഘടനാബലവും കരുത്തുറ്റതാക്കി. ജനങ്ങളുമായുള്ള ബന്ധം നല്ല നിലയിലായതിനാലാണ് കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളിൽ മിന്നും വിജയം നേടാനായത്.

? പ്രവർത്തന റിപ്പോർട്ടിൽ വിഭാഗീയത തുറന്നു സമ്മതിക്കുന്നുണ്ടല്ലോ, എങ്ങനെ കൈകാര്യം ചെയ്യും

വിഭാഗീയതയ്‌ക്ക് പിന്നിലുള്ളവരെ ആദ്യം കണ്ടെത്തും. അവരെ തിരുത്താൻ ശ്രമിക്കും. അതിനും തയ്യാറല്ലെങ്കിൽ സംഘടനാപരമായ നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചചയ്‌ക്കും പാർട്ടി തയ്യാറല്ല.

? ജില്ലയിലെ ചില നേതാക്കളുടെ നേതൃത്വത്തിൽ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായി ആക്ഷേപമുണ്ടല്ലോ

ഈ പ്രവണത പാർട്ടിയിൽ അനുവദനീയമല്ല. വ്യക്തി കേന്ദ്രീകൃതമല്ല പാർട്ടി. ആരെയും ചാരി നിൽക്കേണ്ട ആവശ്യമില്ല. നേതാക്കളെ ചുറ്റിപ്പറ്റിയുള്ള സംഘങ്ങൾ ഇല്ലാതായെന്നാണ് കരുതുന്നത്. ആരെങ്കിലും അതിന് തുനിഞ്ഞാൽ അവർ സംഘടനാപരമായ നടപടി നേരിടേണ്ടി വരും.

? വിമർശനങ്ങൾ ആകാമെങ്കിലും അതിന് ആലപ്പുഴയിലെ സഖാക്കൾ സ്വീകരിക്കുന്ന രീതി ശരിയല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തെ എങ്ങനെ കാണുന്നു

തെറ്റായ ആലോനകളുണ്ടാകുമ്പോഴാണ് അത്തരം സംഭവങ്ങൾ ഉയർന്നുവരുന്നത്. ബോധപൂർവ്വം ആരെങ്കിലും അങ്ങനെ ശ്രമിക്കുന്നുവെന്ന് കരുതുന്നില്ല. പാർട്ടിക്ക് ഹിതമല്ലാത്ത കാര്യങ്ങളിലേക്ക് പോയാൽ കടുത്ത നടപടികൾ നേരിടേണ്ടവരും. അതു തന്നെയാണ് മുഖ്യമന്ത്രി സൂചിപ്പിച്ചതും.

? ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരിക്കാത്തതിന് പിന്നിൽ തർക്കമാണെന്ന് പറയുന്നു

ആരു പറഞ്ഞു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും സമ്മേളനത്തിൽ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ, ആരോഗ്യപരമായ കാരണങ്ങളാൽ എത്താനായില്ല. കോടിയേരിയുടെ സാന്നിദ്ധ്യത്തിൽ സെക്രട്ടറിയേറ്റ് രൂപീകരിക്കണമെന്ന ചിന്ത മാത്രമാണ് മാറ്റിവയ്‌ക്കലിന് പിന്നിൽ.

? വിഭാഗീയത മൂലം നടക്കാതെ പോയ കൈനകരി ലോക്കൽ സമ്മേളനം വീണ്ടും നടത്തുമാേ

അവിടുത്തെ പ്രശ്‌നം പ്രത്യേകം പഠിക്കും. അതിനുശേഷമായിരിക്കും സംഘടനാപരമായ നടപടികളിലേക്ക് കടക്കുക.

? ജി. സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കളെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ തടഞ്ഞുവെന്ന് കേട്ടല്ലോ

അങ്ങനെയൊരു ചർച്ചയും സംഭവവുമില്ല. സംഘടനാപരമായ രീതിയിലല്ലാതെ ചർച്ചയെ വഴി തിരിച്ച് കൊണ്ടുപോകാൻ ചിലർ ശ്രമിച്ചപ്പോഴാണ് അത് ശരിയായ രീതിയല്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചത്. അവരത് ഉൾക്കൊള്ളുകയും ചെയ്‌തു.

? ആഭ്യന്തരവകുപ്പിനെതിരെയുള്ള വിമർശനങ്ങളെ എങ്ങനെ കാണുന്നു

പൊലീസിനെതിരയുള്ള വിമർശനം ആദ്യത്തെ സംഭവമല്ല. എക്കാലത്തുമുണ്ടാകാറുണ്ട്. ഈ സർക്കാരിന്റെ കാലത്ത് ചില പൊലീസുകാരെ കൊണ്ട് പ്രശ്‌നങ്ങളുണ്ടായി. അതിന് ചിലർ വൻപ്രചാരണവും നൽകി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന സർക്കാരാണിത്.