s

ചൂടു കടുത്തതോടെ ആരോഗ്യപ്രശ്നങ്ങളും തലപൊക്കി

ആലപ്പുഴ : ഓരോദിവസം ചെല്ലുന്തോറും ചൂടിന്റെ കാഠിന്യം വർദ്ധിച്ചു തുടങ്ങിയതോടെ ആരോഗ്യ പ്രശ്നങ്ങളും തലപൊക്കി തുടങ്ങി. പുലർകാലത്തെ തണുപ്പും പകൽ സമയത്തെ കൊടുംചൂടുമാണ് അസുഖങ്ങൾ വിളിച്ചുവരുത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായി 31- 32 ഡിഗ്രി സെൽഷ്യസാണ് ജില്ലയിലെ താപനില.

ചൂട് കടുത്തതോടെ, സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ പൊതുജനങ്ങളിലെത്തിക്കുകയാണ് ജില്ലാ ആരോഗ്യ വിഭാഗം. കൂടുതൽ ആളുകളിലേക്ക് ജാഗ്രതാ നിർദ്ദേശങ്ങൾ എത്തുന്നതിനായി സോഷ്യൽ മീഡിയാ പ്രചരണത്തിനാണ് നാഷണൽ ഹെൽത്ത് മിഷൻ ചുക്കാൻ പിടിക്കുന്നത്. വൈറൽപ്പനിക്കൊപ്പം ചർമ്മരോഗങ്ങളുമാണ് വേനൽക്കാലത്ത് കൂടുതലായി കണ്ടുവരുന്നത്. വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമുള്ള രോഗബാധയ്ക്ക് സാദ്ധ്യതയുള്ള കാലം കൂടിയാണ് വേനൽ. മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ്, ചിക്കൻപോക്സ് തുടങ്ങിയവയാണ് സാധരണയായി റിപ്പോർട്ട് ചെയ്യപ്പെടുന്നവ. വിവിധ തരം നേത്രരോഗങ്ങളും തലപൊക്കും.സൂര്യതാപമേറ്റുണ്ടാകുന്ന അപകടങ്ങൾ വേറെയും.

ചൂട് തളർത്താതിരിക്കാൻ

1.കാറ്റ് കടക്കുന്ന രീതിയിൽ വാതിലുകളും ജനലുകളും തുറന്നിടുക

2.കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്

3.വെയിലത്ത് അടച്ചിട്ടിരിക്കുന്ന കാറിൽ അധികനേരമിരിക്കരുത്

4.പകൽ 11നും 3നും ഇടയിലെ വെയിൽ നേരിട്ടേൽക്കരുത്

5.അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക

6.ധാരാളം വെള്ളം കുടിക്കുക, മദ്യം ഒഴിവാക്കുക

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ

 കഠിനമായ ക്ഷീണം

 തലകറക്കം

 തലവേദന

 ഉയർന്ന ശരീരതാപം

 അമിത വിയർപ്പ്

 വേഗതയിൽ ശക്തികുറഞ്ഞ നാഡിയിടിപ്പ്

സൂര്യാഘാതം തിരിച്ചറിയാം

ശരീരത്തിൽ പൊള്ളലേറ്റത് പോലെ പാടുകൾ

ഛർദ്ദി

കണ്ണുകൾക്ക് തളർച്ച

വിയർക്കാതിരിക്കുക

തലകറക്കം

ഇന്നലെ ജില്ലയിൽ താപനില : 32 ഡിഗ്രി സെൽഷ്യസ്

അസ്വാസ്ഥ്യങ്ങൾ തുടർന്നാൽ ഡോക്ടറെ കണ്ട് ചികിത്സ തേടണം. തണുത്തജലം ഉപയോഗിച്ച് ദേഹം തുടയ്ക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും, കാറ്റ് കൊള്ളുന്നതും ആശ്വാസം നൽകും. പകൽ സമയത്തെ വെയിലിൽ നിന്ന് കഴിവതും അകലം പാലിക്കണം

- പ്രോഗ്രാം ഓഫീസർ, നാഷണൽ പ്രോഗ്രാം ഓൺ ക്ലൈമറ്റ് ചേഞ്ച്

ആൻഡ് ഹ്യൂമൻ ഹെൽത്ത്, ആലപ്പുഴ