
ആലപ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ മേൽനോട്ടത്തിൽ രൂപീകരിക്കുന്ന 'അവളിടം' യുവതീ ക്ലബുകൾ നിലവിൽ വന്നു. ജില്ലയിൽ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലുമായി 78 ക്ലബുകളാണ് ആകെ രൂപീകരിക്കുക. ഇതിൽ 50 എണ്ണം നിലവിൽ രൂപീകൃതമായി. ശേഷിക്കുന്നവ ഏപ്രിൽ 28നകം നിലവിൽ വരും. തൊഴിലധിഷ്ഠിത സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് സംസ്ഥാനമാകെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലും ക്ലബുകൾ രൂപീകരിച്ചത്. 18നും 40നും മദ്ധ്യേ പ്രായമുള്ള എല്ലാ സ്ത്രീകൾക്കും ക്ലബിൽ അംഗമാകാം. സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി നടപ്പാക്കുന്ന സർക്കാർ പദ്ധതിയായ 'സമം' പദ്ധതിയുടെ നടത്തിപ്പ് ഈ ക്ലബ് വഴിയാകും. പ്രാരംഭ സഹായമെന്ന നിലയ്ക്ക് ക്ലബുകൾക്ക് 5000 രൂപ വീതം വിതരണം ചെയ്യും. ഒരു ക്ളബിൽ ചുരുങ്ങിയത് 25 പേരുണ്ടാകും.
ജില്ലയിൽ രൂപീകരിക്കുന്ന ക്ളബുകൾ : 78
തൊഴിലധിഷ്ഠിത പരിശീലനം
ക്ലബ് അംഗങ്ങൾക്കുള്ള തൊഴിലധിഷ്ഠിത പരിശീലനം ഈ മാസം ആരംഭിക്കും
ആഭരണ നിർമ്മാണം, എംബ്രോയിഡറി, കേക്ക് നിർമ്മാണം തുടങ്ങിയയിലാണ് ആദ്യം പരിശീലനം
ജില്ലയിലെ ണ്ട് പേർക്ക് ഭിന്നശേഷി കുട്ടികളുടെ പരിചരണത്തിൽ പരിശീലനം നൽകും
മജീഷ്യൻ മുതുകാടിന്റെ മാജിക്ക് അക്കാഡമിയിലാകും പരിശീലനം.
സാമൂഹിക ഇടപെടൽ
സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ, സ്ത്രീധനത്തിനെതിരായ ബോധവത്ക്കരണം, വനിതകൾക്ക് പ്രാമുഖ്യം നൽകുന്ന മറ്റ് വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ പരിപാടികളും പദ്ധതികളും ക്ലബുകൾ സംഘടിപ്പിക്കും. ഇത് കൂടാതെ അതത് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് രക്തദാനം, കുട്ടികൾക്കുള്ള ബോധവത്ക്കരണ ക്ലാസുകൾ, സാനിട്ടൈസേഷൻ തുടങ്ങി സാമൂഹികമായ ഇടപെടലുകളും നടത്താം. ക്ലബ്ബുകളെ കൂട്ടിയോജിപ്പിച്ച് സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങൾ സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും സംഘടിപ്പിക്കുക.
ജനപ്രതിനിധികൾ, വീട്ടമ്മമാർ തുടങ്ങി ഏത് വിഭാഗത്തിലെ സ്ത്രീകൾക്കും ക്ലബിൽ അംഗങ്ങളാകാം. തൊഴിലധിഷ്ഠിതമായ സ്ത്രീ ശാക്തീകരണമാണ് ബോർഡ് ലക്ഷ്യം വയ്ക്കുന്നത്. തുടർഘട്ടങ്ങളിൽ സാമ്പത്തിക സഹായമടക്കമുള്ളവ ലഭ്യമാകും
- എസ്.ദീപു, യുവജനക്ഷേമ ബോർഡംഗം