
മാന്നാർ: കായംകുളം-തിരുവല്ല സംസ്ഥാന പാതയോരത്ത് മാന്നാർ ടൗണിൽ കിഴക്കു വശത്ത് കിഴക്ക് ദർശനത്തിൽ സ്ഥിതിചെയ്യുന്ന മഹാദേവക്ഷേത്രമാണ് തൃക്കുരട്ടി മഹാദേവർവക്ഷേത്രം. സതി ദഹനാനന്തരം അത്യുഗ്ര തപസിലിരിക്കുന്ന മഹാരുദ്രനായാണ് പരമശിവൻ ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന നൂറ്റെട്ടു ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. ഭൂതത്താന്മാർ കെട്ടിയെന്ന് വിശ്വസിക്കുന്ന മതിൽക്കെട്ടും വിശാലമായ ക്ഷേത്ര മൈതാനവും ഒത്ത നടുവിലായി കേരളശൈലിയിലുള്ള ക്ഷേത്ര സമുച്ചയവും കൊണ്ട് ഒരു മഹാക്ഷേത്രത്തിന്റെ പ്രൗഢിയിൽ തൃക്കുരട്ടി മഹാദേവർക്ഷേത്രം നിലകൊള്ളുന്നു. കൃതയുഗത്തിൽ മാന്ധാതാവ് ചക്രവർത്തി നടത്തിയ 100 യാഗങ്ങളിലൊന്ന് തൃക്കുരട്ടി പരിസരത്ത് വെച്ചായിരുന്നു. യാഗത്തിനൊടുവിൽ മിഥുനമാസത്തിലെ പുണർതംനാളിൽ ഹോമാഗ്നിയിൽ പ്രത്യക്ഷപ്പെട്ട ശിവനെ ക്രോഷ്ടമഹർഷി ഇവിടെ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. ഈ യാഗത്താൽ പ്രസിദ്ധമായ സ്ഥലമായതുകൊണ്ട് അദ്ദേഹം ഈ സ്ഥലത്തിന് മാന്ധാതാപുരം എന്നു പേരുനൽകി. പിൽക്കാലത്ത് ഇത് ലോപിച്ച് മാന്നാർ എന്ന പേര് പ്രചാരത്തിലാവുകയും ചെയ്തു എന്നാണ് സ്ഥലനാമ ഐതിഹ്യം. ആലുവാ ശിവരാത്രി പോലെതന്നെ വളരെ പ്രസിദ്ധമാണ് മാന്നാർ ശിവരാത്രിയും. ശിവരാത്രിയോടനുബന്ധിച്ച് 11 ദിവസത്തെ ഉത്സവം നടക്കുന്നത് ഈ പ്രദേശത്തെ നാനാജാതി മതസ്ഥരുടെയും സ്ഥാപനങ്ങളുടെയുംസഹകരണത്തോടെയാണ്. അലിൻഡ് സ്വിച്ഗിയർ, ഡി.ബി പമ്പാകോളേജ്, മാന്നാർ നായർസമാജംസ്‌കൂൾ, കെ.എസ്.ഇ.ബി, പൊലീസ് സ്റ്റേഷൻ തുടങ്ങിയ സ്ഥാപനങ്ങൾ ഓരോദിവസത്തെ പരിപാടികൾ ഏറ്റെടുത്ത് നടത്താറുണ്ട്. മാന്നാർ പുത്തൻപള്ളി മുസ്ലിംജമാഅത്ത് തൃക്കുരട്ടിയിലെ ശിവരാത്രി എതിരേൽപ് വരവ് ദിവസം സ്വീകരണം നൽകുകയും പുത്തൻപള്ളിയിലെ നബിദിനറാലിക്ക് തൃക്കുരട്ടി ക്ഷേത്ര നടയിൽ സ്വീകരണം നൽകുകയും ചെയ്തിരുന്നത് മാന്നാറിന്റെ മതസൗഹാർദ്ദത്തിന്റെ മകുടോദാഹരണമാണ്.
# തൃക്കുരട്ടി മഹാദേവർക്ഷേത്രത്തിൽ ഇന്ന്
രാവിലെ 4.30ന് പള്ളിയുണർത്തൽ,5 ന് നാമസങ്കീർത്തനം, നിർമ്മാല്യം, അഭിഷേകം,7 ന് ശ്രീബലി,
7.30 മുതൽ ഭാഗവതപാരായണം ,10 മുതൽ ഉച്ചക്ക് 1 വരെ സഹസ്ര കലശാഭിഷേകം,2 ന് ഭാഗവതപാരായണം, വൈകിട്ട് 6.30 ന് ദീപാരാധന, ദീപക്കാഴ്ച,7.30 മുതൽ മേജർ സെറ്റ് കഥകളി.