കായംകുളം: കായംകുളം നഗരസഭയിലും പത്തിയൂർ കണ്ടല്ലൂർ ദേവികുളങ്ങര കൃഷ്ണപുരം എന്നീ പഞ്ചായത്തുകളിലുമായി നടന്ന സി.ഡി.എസ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം. കായംകുളം നഗരസഭ വെസ്റ്റ് സി.ഡി.എസ് എൽ.ഡി.എഫ് നിലനിറുത്തുകയും യു.ഡി.എഫ് തുടർച്ചയായി ജയിച്ചു വന്ന ഈസ്റ്റ് സി.ഡി.എസ് പിടിച്ചെടുക്കുകയും ചെയ്തു.കായംകുളം നഗരസഭ വെസ്റ്റ് സി.ഡി.എസ് പ്രസിഡന്റായി ജെ.സരസ്വതിയും വൈസ് പ്രസിഡന്റായി നിസ ലത്തീഫും ഈസ്റ്റ് സി.ഡി.എസ് പ്രസിഡന്റായി എ.ഷീബയും വൈസ് പ്രസിഡന്റായി പി.ചന്ദ്രകുമാരിയും തിരഞ്ഞെടുക്കപ്പെട്ടു.
പത്തിയൂർ, കണ്ടല്ലൂർ, ദേവികുളങ്ങര പഞ്ചായത്തുകളിൽ മത്സരം ഉണ്ടായില്ല. കൃഷ്ണപുരം പഞ്ചായത്തിൽ എൽ.ഡി.എഫ് എട്ടും യു.ഡി.എഫ് ഏഴും ബി.ജെ.പി രണ്ടും എന്ന ക്രമത്തിലായിരുന്നു അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത്. ഇവിടെ യു.ഡി.എഫ് ബി.ജെ.പി സംയുക്ത സ്ഥാനാർത്ഥികളായാണ് മത്സരിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് യു.ഡി.എഫും വൈസ് പ്രസിഡന്റായി എൽ.ഡിഎഫാണ് വിജയിച്ചത്. പത്തിയൂരിൽ മണിയമ്മ പ്രസിഡന്റായും വൈസ് പ്രസിഡന്റായി രമ അഭിലാഷും കണ്ടല്ലൂരിൽ പ്രസിഡന്റായി പ്രീജ ഹരീഷും വൈസ് പ്രസിഡന്റായി ശ്രീകുമാരിയും ദേവികുളങ്ങരയിൽ പ്രസിഡന്റായി എൻ.ഇന്ദിരഭായിയും വൈസ് പ്രസിഡന്റായി ശ്രീലത.എസ് .തമ്പിയെയും തിരഞ്ഞെടുത്തു. സി.ഡി.എസ് തിരഞ്ഞെടുപ്പിൽ കായംകുളം നഗരസഭയിൽ ബി.ജെ.പി -യു.ഡി.എഫ് സഖ്യം തകർന്നതായി എൽ.ഡി.എഫ് പാർലമെന്റ് പാർട്ടി നേതാവ് പി.ഹരിലാൽ ,കൗൺസിലർമാരായ നാദിർഷ, അഖിൽ കുമാർ ,റെജി മാവനാൽ തുടങ്ങിയവർ പ്രസ്താവനയിൽ പറഞ്ഞു.