ആലപ്പുഴ: കടൽത്തീരത്ത് കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ഏഴ് വയസുകാരനെ കോസ്റ്റ് വാർഡനും ടൂറിസം പൊലീസും ചേർന്ന് രക്ഷിച്ചു. ഇന്നലെ രാവിലെ 8 മണിക്ക് കാറ്റാടി അയ്യപ്പൻപൊഴിക്ക് സമീപമായിരുന്നു അപകടം. തമിഴ്നാട് തൂത്തുക്കുടിയിൽ നിന്നുള്ള ഏഴംഗ സംഘം ഹൗസ് ബോട്ട് യാത്രയ്ക്ക് ശേഷമാണ് പുലർച്ചെ കടർത്തീരത്തെത്തി ഫുട്ബോൾ കളിച്ചത്. കളിക്കിടെയാണ് കുട്ടി വെള്ളത്തിൽ വീണത്. ഒപ്പമുണ്ടായിരുന്നവർ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന കോസ്റ്റ് വാർഡൻ രഞ്ജിത്താണ് കടലിൽ ചാടി കുട്ടിയെ കരയ്ക്ക് കയറ്റിയത്. ടൂറിസം സി.പി.ഒ ബിജു വിൻസന്റും ഒപ്പമുണ്ടായിരുന്നു.