
ഒരാൾ ഒളിവിൽ
ഹരിപ്പാട്: ആർ.എസ്.എസ് പ്രവർത്തകൻ ശരത് ചന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്. ലഹരിസംഘത്തിൽപ്പെട്ടവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.
കുമാരപുരം താല്ലാക്കൽ തെക്ക് പടന്നയിൽ കിഴക്കതിൽ ശിവകുമാർ (25), പൊത്തപ്പള്ളി തെക്ക് കുമാരപുരം പീടികയിൽ ടോം തോമസ് (27), കുമാരപുരം പൊത്തപ്പള്ളി തെക്ക് കടൂർ വീട്ടിൽ വിഷ്ണുകുമാർ (സുറുതി വിഷ്ണു - 29), കുമാരപുരം എരിക്കാവ് കൊച്ചു പുത്തൻ പറമ്പിൽ സുമേഷ് (33), കുമാരപുരം താമല്ലാക്കൽ തെക്ക് പുളിമൂട്ടിൽ കിഴക്കതിൽ സൂരജ് (20), തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് വലിയപറമ്പ് നിഷാ നിവാസിൽ കിഷോർ (കൊച്ചിരാജാവ്- 34) എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതിയായ കുമാരപുരം പൊത്തപ്പള്ളി തെക്ക് ചെട്ടിശ്ശേരിൽ വടക്കേതിൽ നന്ദു പ്രകാശ് (23) ഒളിവിലാണ്. പിടിയിലായ പ്രതികളിൽ സൂരജ് ഒഴികെയുള്ള ബാക്കി എല്ലാവരും മുമ്പും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രി പന്ത്രണ്ടോടെ കുമാരപുരം കാട്ടിൽ മാർക്കറ്റ് കരിപ്പൂത്തറ ജംഗ്ഷന് സമീപം, പുത്തൻ കരിയിൽ ദേവീക്ഷേത്രത്തിലെ താലപ്പൊലി എഴുന്നള്ളത്തിനിടെയുണ്ടായ തർക്കത്തിനിടെയാണ് ശരത് ചന്ദ്രൻ കുത്തേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മനോജ് വെട്ടേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.