മാവേലിക്കര:മൂന്ന് പതിറ്റാണ്ടായി തെക്കേക്കരയിലെ വാലിൽ കോളനി നിവാസികൾ അനുഭവിച്ച ദുരിതയാത്രയ്ക്ക് വിരാമം. നിവാസികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള ഒരു വഴി എന്നത് സ്വപ്നങ്ങളിൽ മാത്രമായിരുന്നു. എന്നാൽ പതിറ്റാണ്ടുകളായുള്ള അവരുടെ ആവശ്യത്തിന് പഞ്ചായത്ത് പരിഹാര മാർഗം കണ്ടെത്തി. തെക്കേക്കര ഗ്രാമപഞ്ചായത്തിൽ പുത്തൻകുളങ്ങര വാർഡിൽ നിരവധി പട്ടികവിഭാഗ കുടുംബങ്ങളാണ് താമസിക്കുന്നത്. വാലിൽ കോളനി നിവാസികൾക്ക് സഞ്ചാരയോഗ്യമായ വഴിയില്ലാതെ കാലങ്ങളായി ദുരിതത്തിലായിരുന്നു. ഇരുവശവും മതിലുകളാൽ മറക്കപ്പെട്ടതും ഇരുചക്രവാഹനത്തിൽ പോലും സഞ്ചരിക്കാൻ കഴിയാത്തതുമായ ഇടുങ്ങിയ നടപ്പാത മാത്രമായിരുന്നു കോളനി നിവാസികളുടെ സഞ്ചാരമാർഗം. നടപ്പാതയുടെ ഇരുവശത്തുമുള്ള വസ്തു ഉടമകളിൽ നിന്നും സ്ഥലം വിലക്കുവാങ്ങി കോളനി നിവാസികൾക്ക് സഞ്ചാര യോഗ്യമായ വഴി നിർമിക്കാൻ പഞ്ചായത്ത് ഭരണസമിതി വളരെക്കാലമായി ശ്രമിക്കുകയാണ്. പഞ്ചായത്തിന്റെ ഈ പരിശ്രമാണ് വിജയത്തിലെത്തിച്ചേർന്നത്.

..........

# 30 വർഷത്തെ കാത്തിരിപ്പ്

2019 നവംബർ 7 ലെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ് പ്രകാരം 30 ലക്ഷം രൂപ സ്ഥലം വാങ്ങുന്നതിനായി ഗ്രാമപഞ്ചായത്ത് വകയിരുത്തി. ഭൂമി ഏറ്റെടുക്കുന്നതിന് റവന്യു വകുപ്പിൽ നിന്നും ഭരണാനുമതിയും ലഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹന്‍കുമാറിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി അക്വിസിഷന്‍ നടപടികളുടെ കാലതാമസം മനസിലാക്കി വഴിയുടെ ഇരുവശവുമുള്ള വസ്തു ഉടമകളെ കണ്ട് വസ്തു വിലക്കു വാങ്ങാൻ തീരുമാനിച്ചു.തുടർന്ന് നടന്ന ചർച്ചകളിൽ ഒരു വസ്തുവിന്റെ ഉടമയായ ലത സത്യാനന്ദനിൽ നിന്നും സ്ഥലം വാങ്ങി.

........

''നിലവിൽ ഒരു മീറ്റർ മാത്രമാണ് വഴിയുടെ വീതി. സ്ഥലം ലഭ്യമാകുന്നതോടെ വഴിയുടെ വീതി രണ്ടര മീറ്ററായി വർദ്ധിക്കും. നടപടികൾ പൂർത്തീകരിച്ച് ഉടൻ റോഡ് നിർമാണം ആരംഭിക്കും.

(ഡോ.കെ.മോഹൻകുമാർ,പഞ്ചായത്ത് പ്രസിഡന്റ് )