ഹരിപ്പാട്: നഗരസഭ സി. ഡി. എസ് ചെയർപേഴ്സണൽ തിരഞ്ഞെടുപ്പിൽ സി.പി.എം വിമതയ്ക്ക് വിജയം. സി. പി. എമ്മിലെ വിഭാഗീയതയെ തുടർന്ന് രണ്ട് പക്ഷമായി മത്സരിച്ചതിൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക് വിമത പക്ഷത്തെ സിന്ധു. ആർ. നായർ ഒരു വോട്ടിന് വിജയിച്ചു. സിന്ധു. ആർ. നായർ സി. പി. എം ഹരിപ്പാട് ബ്രാഞ്ച് സെക്രട്ടറിയും ഡി. വൈ. എഫ്. ഐ നേതാവുമാണ്. സി. ഡി. എസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ സി.പി. എം ലോക്കൽ കമ്മറ്റി അംഗം സതിയമ്മയാണ് പരാജയപ്പെട്ടത്. വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് സി. പി. എം ഔദ്യോഗിക പക്ഷത്തെ ജ്യോതി രണ്ട് വോട്ടുകൾക്ക് വിജയിച്ചു. കഴിഞ്ഞ തവണ സി. ഡി. എസ് തിരഞ്ഞെടുപ്പിൽ 14 മെമ്പർമാർ ഉണ്ടായിരുന്ന കോൺഗ്രസ് ഇത്തവണ 5 അംഗങ്ങൾ ആയി ചുരുങ്ങി. ഇതിൽ മൂന്നുപേർ സി.പി.എം വിമത പക്ഷത്ത് ചേർന്നതോടെ ബാക്കി രണ്ട് പേർ പിന്മാറുകയും ചെയ്തു. മുൻ സി.സി.എസ് ചെയർപേഴ്സണായിരുന്ന എം.എസ്.വി അംബികയെ ഒഴിവാക്കാൻ ശ്രമിച്ചതാണ് സി.പി.എമ്മിൽ വിഭാഗീയതയ്ക്ക് കാരണം. പത്തോളം വാർഡുകളിൽ സി. പി. എം ഔദ്യോഗിക വിഭാഗം പരാജയപെട്ടു. കോൺഗ്രസ് ഭരിക്കുന്ന നഗരസഭയിൽ കോൺഗ്രസ് രണ്ട് അംഗങ്ങളായി ചുരുങ്ങിയതും ചർച്ചയായി. നഗരസഭ സി.ഡി.എസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് യു.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിക്കുകയായിരുന്നു എന്ന് നേതാക്കൾ പറഞ്ഞു. തെരഞ്ഞെടുപ്പിൽ സി.പി.എം ഔദ്യോഗിക പാനലും മുൻ സി. ഡി. എസ് ചെയർ പേഴ്സണിന്റെ വിമതപാനലും തമ്മിൽ ആയിരുന്നു മത്സരം.